gr-anil

 മാന്വലായി റേഷൻ വിതരണം നടത്താനാകില്ല

തിരുവനന്തപുരം: ചൊവ്വാഴ്ച ഉച്ചയോടെ റേഷൻ കടകൾ അടയ്ക്കാൻ ചില സംഘടനാ നേതാക്കൾ ആഹ്വാനം ചെയ്തതിന് പിന്നിൽ ഗൂഢലക്ഷ്യമാണുള്ളതെന്ന് മന്ത്രി ജി.ആർ. അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. റേഷൻകടകൾ അടച്ച് സമരം ചെയ്യണമെങ്കിൽ മുൻകൂട്ടി നോട്ടീസ് നൽകേണ്ടതുണ്ട്. അല്ലാതെയുള്ള കടഅടപ്പ് സമരം നിയമപ്രകാരം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തുടർച്ചയായി നാലുദിനം ഇ-പോസ് സെർവർ പ്രവർത്തനം മന്ദഗതിയിലായതിനെ തുടർന്ന് ഗുണഭോക്താക്കൾ കടകളിലെത്തി ബഹളമുണ്ടാക്കുന്നുവെന്ന് കാട്ടിയാണ് ഉടമകൾ റേഷൻ കടകൾ അടച്ചത്. മുന്നറിയിപ്പില്ലാതെ കടകൾ അടച്ചാൽ ലൈസൻസ് റദ്ദ് ചെയ്യാൻ നിയമപ്രകാരം സർക്കാരിന് കഴിയും. ഇന്നലെ ഒരു സംഘടനാ നേതാവ് വാട്ട്സ് ആപ്പിൽ വോയ്സ് മെസേജിലൂടെ കടകൾ അടയ്ക്കാൻ ആഹ്വാനം ചെയ്യുകായിരുന്നു. വോയ്സ് മെസേജ് ആരുടേതാണെന്ന് വ്യക്തമാണെങ്കിലും ഇക്കാര്യം വാർത്താസമ്മേളനത്തിൽ തുറന്നു പറയാൻ മന്ത്രി തയ്യാറായില്ല. റേഷൻ വ്യാപാരികളെ കുറ്റപ്പെടുത്തുന്നില്ലെന്നും ചില വ്യക്തകളാണ് കാര്യങ്ങൾ വഷളാക്കിയതെന്നാണ് അദ്ദേഹം പറ‌ഞ്ഞത്. തെറ്റായ പ്രചാരണത്തിലൂടെ കടക്കാരിലും ഗുണഭോക്താക്കളിലും ഭീതിയുണ്ടാക്കിയതിന്റെ ഫലമായാണ് ഭൂരിഭാഗം കടകളും അ‌ടഞ്ഞുകിടന്നത്. യന്ത്രത്തകരാർ സ്വാഭാവികമായി ഉണ്ടാകുന്നതാണ്.

അതേസമയം ഇ- പോസ് പണിമുടക്കിയിതിന്റെ പേരിൽ മാന്വലായി റേഷൻ വിതരണം അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചില കേന്ദ്രങ്ങളിൽ നിന്ന് മാന്വലായി റേഷൻ വിതരണം വേണമെന്ന് ആവശ്യം ഉയർന്നിരുന്നു. അങ്ങനെ ചെയ്താൽ കേന്ദ്ര സർക്കാരിന്റെ അന്ന വിതരണ പോർട്ടലിൽ വിവരങ്ങൾ ഉൾപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറ‌ഞ്ഞു.