
വിഴിഞ്ഞം: മുക്കോല തലക്കോട് ഭാഗത്ത് വീടുകളിലെ കിണറുകൾ നിറയുന്നു. ഉറവകൾ രൂപപ്പെട്ട് റോഡിലൂടെ പൊട്ടി ഒഴുകി വൻ കുഴികൾ രൂപപ്പെടുകയാണ്. ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് നടത്തി. രണ്ടു മാസം മുൻപുണ്ടായ ശക്തമായ മഴയെ തുടർന്നാണ് കിണറുകളും പരിസര പ്രദേശവും വെള്ളക്കെട്ടിലായത്. ഭൂമിക്കടിയിലായതിനാൽ വെള്ളക്കെട്ട് പുറമെ കാണാനാകുന്നില്ല. ഉറവ രൂപപ്പെട്ട് വെള്ളം ഒഴുകുന്നത് താഴ്ന്ന പ്രദേശത്തേക്കാണ്. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ കിണറുകളിലാണ് വെള്ളം നിറയുന്നത്. പുതിയതായി ടാർ ചെയ്ത തലക്കോട് റോഡ് മുഴുവൻ വെള്ളം നിറഞ്ഞ കുഴികളായി. റോഡിന് ഇരുവശത്തും ഉറവകൾ പൊട്ടി വലിയ തോതിൽ വെള്ളം ഒഴുകുന്നുണ്ട്. നിരവധി വൃക്ഷങ്ങൾ വേര് അഴുകി ഇലകൾ പൊഴിഞ്ഞ നിലയിലാണ്.
ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് പരിശോധനയ്ക്ക് എത്തിയ ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചതായി നാട്ടുകാർ പറഞ്ഞു. ഇതിന് സമീപത്താണ് തുറമുഖ നിർമ്മണത്തിന്റെ റോഡ് നിർമ്മാണം നടക്കുന്നത്.
സമീപത്തെ വയലുകൾ സംരക്ഷിച്ചു കൊണ്ട് അപ്രോച്ച് റോഡ് നിർമ്മിച്ചാൽ പരിസ്ഥിതിയ്ക് ദോഷമുണ്ടാകില്ലെന്ന് ഡി.സി.സി ട്രഷറർ കെ.വി. അഭിലാഷ് പറഞ്ഞു.