chennithala

തിരുവനന്തപുരം: ഡി-ലിറ്റ് വിഷയം വഷളാക്കിയതിൽ കേരള സർവകലാശാലാ വി.സിയും ഗവർണറും സർക്കാരും കുറ്റക്കാരാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വാർത്താലേഖകരോട് പറഞ്ഞു. പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം.. പതിമൂന്ന് സർവകലാശാലകളിലെയും ഫയലുകൾ കെട്ടിക്കിടക്കുകയാണ്.

 കെ-റെയിൽ: കൺസൾട്ടൻസി കരാറിൽ വൻ അഴിമതി

കെ-റെയിൽ പദ്ധതിയായ സിൽവർലൈനിൽ ആഗോള ടെൻഡർ വിളിക്കാതെ കൺസൾട്ടൻസി കരാർ നൽകിയതിന് പിന്നിൽ വൻ അഴിമതിയാണ്. സിസ്ട്ര എന്ന ഫ്രഞ്ച് കമ്പനിയെയാണ് ആഗോള ടെൻഡറില്ലാതെ നിയോഗിച്ചത്. മൊത്തം പദ്ധതിച്ചെലവിന്റെ അഞ്ച് ശതമാനം കൺസൾട്ടേഷൻ ഫീസാണെന്നിരിക്കെയാണ് ഈ വഴിവിട്ട കരാർ.

കാര്യങ്ങൾ വ്യക്തമാക്കാതെ ജനങ്ങളെ പറ്റിക്കാനാണ് കെ-റെയിലിന്റെ കൈപ്പുസ്തകമിറക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കൈപ്പുസ്തകം അച്ചടിക്കാൻ ടെൻഡർ വിളിക്കുകയാണ്. എന്നാൽ വിദേശ കമ്പനിയെ കൺസൾട്ടന്റാക്കാൻ ടെൻഡറില്ല. ഒന്നാം പിണറായി സർക്കാർ തുടങ്ങിവച്ച കൺസൾട്ടൻസി കമ്മിഷനടിക്കൽ താനന്ന് പുറത്ത് കൊണ്ടുവന്നതിനാൽ മാറ്റിവയ്ക്കേണ്ടി വന്നു. അതിപ്പോൾ പിൻവാതിലിലൂടെ നടപ്പാക്കാനാണ് ശ്രമം.

 ആരോഗ്യവകുപ്പിൽ തീവെട്ടിക്കൊള്ള

ആരോഗ്യ വകുപ്പിലെ കൊവിഡ് കാലത്തെ കൊള്ളകൾ ഞെട്ടിപ്പിക്കുന്നതാണ്. സ്പ്രിൻക്ലർ അടക്കമുള്ള ഇടപാടുകൾ പുറത്തെത്തിച്ചപ്പോൾ തന്നെ അധിക്ഷേപിച്ചവരാണ് ഈ കൊള്ളയ്ക്കെല്ലാം കൂട്ട്. കൂടുതൽ അഴിമതി പുറത്ത് വരാതിരിക്കാനാണ് ആരോഗ്യവകുപ്പിന്റെ വിജിലൻസ് വിഭാഗത്തെക്കൊണ്ട് പരിശോധിപ്പിക്കുന്നത്. സമഗ്രാന്വേഷണത്തിന് സ്വതന്ത്ര ഏജൻസിയെ ചുമതലപ്പെടുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.