c

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരോഗ്യ പ്രവർത്തകർക്കും ഫാർമസി വിദ്യാർത്ഥികൾക്കുമടക്കം കഴിഞ്ഞ പത്ത് ദിവസത്തിനിടെ 173 പേർ കൊവിഡ് ബാധിതരായെന്നാണ് സൂചന. ഇന്നലെ 36 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫാർമസി കോളേജിലെ 61 വിദ്യാർത്ഥികൾക്കും ഒമ്പത് അദ്ധ്യാപകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

33 പാരാമെഡിക്കൽ വിദ്യാർത്ഥികൾക്കും രോഗബാധയുണ്ട്. ആറ് മെഡിക്കൽ വിദ്യാർത്ഥികളും 12 നഴ്‌സിംഗ് സ്റ്റാഫും കൊവിഡ് സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നതായാണ് സൂചന. അഞ്ച് പേർക്ക് രോഗം വരുന്നത് രണ്ടാം തവണയാണ്.

47 പേർ മെഡിക്കൽ കോളേജിലും മറ്റുള്ളവർ ഗൃഹനിരീക്ഷണത്തിലുമാണ്. വിദ്യാർത്ഥികൾ പുതുവത്സരാഘോഷത്തിനായി കോളേജിൽ ഒത്തുകൂടിയിരുന്നു. അധികൃതരുടെ നിർദ്ദേശത്തെ അവഗണിച്ചാണ് വിദ്യാർത്ഥികൾ പുതുവത്സരാഘോഷം സംഘടിപ്പിച്ചത്. ഇതിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കാണ് ആദ്യം കൊവിഡ് പോസിറ്റീവായത്. പുതുവത്സരാഘോഷത്തിന് ശേഷം കോളേജിൽ ക്ലാസുകൾ നടന്നിരുന്നു. ഇതോടെയാണ് കൂടുതൽ പേരിലേക്ക് കൊവിഡ് പടർന്നത്. ഇത്രയും വിദ്യാർത്ഥികൾക്ക് കൊവിഡ് ബാധിച്ചതോടെ കോളേജിനെ ക്ലസ്റ്ററായി കണക്കാക്കി ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിനുള്ളിലാണ് ഫാർമസി കോളേജും പ്രവർത്തിക്കുന്നത്. തലസ്ഥാനത്ത് സമ്പർക്ക വ്യാപനവും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുവരിലെ രോഗബാധയും ക്രമാതീതമായി വർദ്ധിക്കുകയാണ്.

3498 പേർക്ക് കൂടി കൊവിഡ്

ഇന്നലെ മാത്രം 3498 പേർക്ക് കൂടി തലസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചു. 273 പേർ രോഗമുക്തരായി. 30.1 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച 11,397 പേർ ചികിത്സയിലുണ്ട്.