
പൂവാർ: കമ്പവലയിൽ കുടുങ്ങി കൂറ്റൻ വെള്ളുടുമ്പ് സ്രാവ് തീരത്ത്. പിന്നീട്, വലപൊട്ടിച്ച് രക്ഷപ്പെട്ട സ്രാവ് തിരയടിയിൽപ്പെട്ട് ചത്തു കരയ്ക്കടിഞ്ഞു. ഇന്നലെ ഉച്ചയോടെ കരുംകുളം കണ്ണാടി പള്ളിക്ക് സമീപം വലവീശിക്കാണി തീരത്താണ് മൂവായിരത്തോളം കിലോ തൂക്കം വരുന്ന അപൂർവ്വയിനം സ്രാവ് കരയ്ക്കടിഞ്ഞത്. ഉൾക്കടലിൽ മാത്രം ജീവിക്കുന്ന സ്രാവ് കൂട്ടം തെറ്റിയെത്തിയതാകാമെന്ന് അധികൃതർ പറയുന്നു. സംരക്ഷണ വിഭാഗത്തിൽപ്പെട്ടതാണ് സ്രാവ്. കരമടി വലിക്കുകയായിരുന്ന പൊന്നയ്യന്റെയും മകൻ ജോസഫിന്റെയും വലയിലാണ് മത്സ്യ ഭീമൻ കുടുങ്ങിയത്. വലയും തകർത്തുപോയ സ്രാവ് മണിക്കൂറുകൾക്കുള്ളിൽ കരയിലേക്ക് തിരിച്ചുകയറിയതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. വിവരമറിഞ്ഞെത്തിയ പൂവാർ തീരദേശ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.വനം വകുപ്പധികൃതരെ അറിയിച്ചു. പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസർ റോഷ്നിയുടെ നേതൃത്വത്തിൽ മേൽനടപടി സ്വീകരിച്ചു. ജെ.സി.ബിയുടെയും നാട്ടുകാരുടെയും സഹായത്തോടെ കരയ്ക്ക് കയറ്റിയ സ്രാവിനെ കരുംകുളം മൃഗാശുപത്രിയിലെ ഡോക്ടർ സുനിലിന്റെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് വൈകുന്നേരത്തോടെ സമീപത്ത് കുഴിച്ചുമൂടി. സ്രാവ് കുടുങ്ങി വല നശിച്ചതു കാരണം ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.