ചിറയിൻകീഴ്:ചിറയിൻകീഴ് അമൃത സ്വാശ്രയ സംഘത്തിലെ കുടുംബാംഗങ്ങൾക്ക് മാതാ അമൃതാനന്ദമയി സൗജന്യമായി വർഷം തോറും നൽകി വരുന്ന ധനസഹായ വിതരണവും, കിറ്റ് വിതരണവും, വസ്ത്രവിതരണവും നാളെ ചിറയിൻകീഴ് താമരക്കുളം ആശ്രമത്തിൽ നടക്കും. ആറായിരത്തോളം വരുന്ന സ്വാശ്രയ സംഘങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് വിതരണം നടക്കുന്നത്. തന്നിരിക്കുന്ന ടോക്കൺ അനുസരിച്ചുള്ള സമയക്രമത്തിലാണ് അംഗങ്ങൾ ആശ്രമത്തിൽ എത്തേണ്ടതെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
ഇതിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങ് രാവിലെ 11ന് വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാശ്രയസംഘം പ്രസിഡന്റ് സി. വിഷ്ണുഭക്തന്റെ അദ്ധ്യക്ഷതയിൽ കൈമനം ആശ്രമം മഠാധിപതി ശിവാമൃത ചൈതന്യ മുഖ്യാതിഥിയാകും. ഓൾ ഇന്ത്യാ കോ - ഓർഡിനേറ്റർ രംഗനാഥ്, ഓൾ കേരള കോ - ഓർഡിനേറ്റർ സജി, പ്രസിഡന്റുമാരായ ജയകുമാർ, പ്രസീത, പ്രീത, രക്ഷാധികാരികളായ ജയ, മീര, അജി, രാജൻ, ശിവദാസൻ, ജോസ്, സന്തോഷ്, മനോഹരൻ എന്നിവർ പങ്കെടുക്കും. അമ്മ കേരളത്തിൽ എല്ലാ സ്വാശ്രയ സംഘാംഗങ്ങൾക്കും സഹായം നൽകുന്നുണ്ട്. ചിറയിൻകീഴ് സ്വാശ്രയ സംഘത്തിലെ വിദ്യാസമ്പന്നരായ യുവതികൾക്ക് ഇലക്ട്രോണിക്സ് അസംബിളി രംഗത്ത് സ്വായം തൊഴിൽ കണ്ടെത്താൻ സാധിക്കുന്ന വിധത്തിലുള്ള കർമ്മ പദ്ധതികൾ അമ്മ വിഭാവനം ചെയ്യുകയാണെന്നും സമയ ബന്ധിതമായി ഈ പദ്ധതി നടപ്പിൽ വരുമെന്നും, ഭാരതത്തിലെ ഏറ്റവും വലിയ മെഡിക്കൽ സെന്ററിന്റെ നിർമാണ ജോലികൾ ഡൽഹിയിൽ പൂർത്തിയാക്കുന്ന അമ്മയ്ക്ക് ചിറയിൻകീഴ് സ്വാശ്രയ സംഘാംഗങ്ങളുടെ പ്രണാമം അർപ്പിക്കുന്നുവെന്നും സംഘം പ്രസിഡന്റ് സി. വിഷ്ണുഭക്തൻ സംയുക്ത പ്രസ്ഥാവനയിലൂടെ അറിയിച്ചു.