erangukadave

വക്കം: വക്കം ഇറങ്ങുകടവിൽ കടത്ത് വള്ളം മുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു. യാത്രയ്ക്കായി നടപ്പാലം നിർമ്മിക്കണമെന്ന ആവശ്യം ഇനിയും പരിഗണിച്ചിട്ടില്ല. കടത്ത് കടക്കാൻ വഴിയില്ലാതെ പ്രദേശവാസികൾ ദുരിതത്തിലായിരിക്കുകയാണ്.

ഇവിടെ നടപ്പാലം യാഥാർത്ഥ്യമായാൽ അഞ്ചുതെങ്ങിലെ മാമ്പള്ളി, കായിക്കര മേഖലയിലുള്ളവർക്ക് ഇറങ്ങ് കടവ് വഴി എളുപ്പത്തിൽ വക്കം വഴി മറ്റിടങ്ങളിൽ എത്താൻ കഴിയും. ഇപ്പോൾ അത് അഞ്ചുതെങ്ങ്, കടയ്ക്കാവൂർ വഴി ചുറ്റി വേണം എത്താൻ.

നടപ്പാലം നിർമ്മാണത്തിന് എം.പി, എം.എൽ.എ ഫണ്ടുകൾ വിനിയോഗിക്കാമെന്ന് വിദഗ്ദ്ധർ പറയുന്നത്. തീരദേശ മേഖലയിലെ വാണിജ്യ വ്യാപാര സാദ്ധ്യത കണക്കിലെടുത്ത് ഈ മേഖലയിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകാൻ ഇറങ്ങു കടവിൽ നടപ്പാലമോ, കായിക്കരക്കടവിൽ പാലമോ അടിയന്തരമായി നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇറങ്ങ് കടവ്

അഞ്ചുതെങ്ങ് കായലിൽ വക്കം, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തുകളെ യോജിപ്പിക്കുന്നതാണ് ഇറങ്ങ് കടവ്. നിലവിൽ ഇവിടെ യാത്രയ്ക്കായി ഒരു കടത്ത് വള്ളമാണ് ഉപയോഗിക്കുന്നത്. ഇതിന്റെ മേൽനോട്ടം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിനാണ്. കടത്ത് വള്ളം അറ്റകുറ്റപ്പണിക്കായി കയറ്റിയതോടെ കടത്ത് സ്ഥിരമായി മുടങ്ങിയിരിക്കുകയാണ്. കടത്ത് വള്ളത്തിന് സമയക്രമം നിശ്ചയിച്ചിരിക്കുന്നതിനാൽ അതിന് മുൻപും, പിമ്പുമുള്ള യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലാണ്.

യാത്രക്കാർക്ക് ദുരിതം

മത്സ്യമേഖലയായ അഞ്ചുതെങ്ങിൽ നിന്ന് മത്സ്യവുമായി എത്തുന്നവർ കടത്ത് വള്ളത്തിനായി ഏറെ നേരം കാത്തിരിക്കണം. കാത്തിരിപ്പ് നീണ്ടതോടെ മത്സ്യ വില്പനക്കാർ ഈ വഴിയുള്ള യാത്ര പൂർണമായും ഒഴിവാക്കിയ മട്ടാണ്. യാത്രക്കാരുടെ കുറവ് വന്നതോടെ ഇറങ്ങ് കടവ് സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയെന്ന് നാട്ടുകാർ പറയുന്നു. ഏതാനും മാസം മുൻപാണ് സമീപത്തെ ഗുരു മന്ദിരത്തിന്റെ പൂട്ട് തകർത്ത് നിലവിളക്കും, തട്ടവും മറ്റും മോഷണം നടത്തിയത്.