1

വിഴിഞ്ഞം: രാജ്യാന്തര തുറമുഖ കമ്പനിയുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും ബി.ജെ.പി കോവളം മണ്ഡലം കമ്മിറ്റി മുല്ലൂരിൽ റോഡ് ഉപരോധം നടത്തി. ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജ്മോഹൻ അദ്ധ്യക്ഷനായി. തുറമുഖ നിർമാണത്തോടനുബന്ധിച്ച് സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുള്ള മതിൽ നിർമാണം നിറുത്തിവയ്ക്കുക, തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് തൊഴിൽ നഷ്ടമായവർ, വീടും സ്ഥലവും വിട്ടു നൽകിയവർ എന്നിവർക്ക് തൊഴിൽ സംവരണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. 74 ദിവസമായി മുല്ലൂരിൽ നടത്തിവന്ന അനിശ്ചിതകാല രാപ്പകൽ സമരത്തോട് അനുബന്ധിച്ചായിരുന്നു റോഡ് ഉപരോധം. എസ്.സുരേഷ്, വെങ്ങാനൂർ സതീഷ്, വി.എസ്.ശ്രീജുലാൽ, മുക്കോല ജി.പ്രഭാകരൻ, പി.അജയ്, ജനാർദനൻ നായർ, വയൽക്കര മധു എന്നിവർ സംസാരിച്ചു. 21ന് സമരക്കാരുമായി ചർച്ച നടത്താമെന്ന് അധികൃതർ നൽകിയ ഉറപ്പിൽ ഉപരോധ സമരം അവസാനിപ്പിച്ചു. രാപ്പകൽ സമരം തുടരുമെന്നും ചർച്ചയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും സമരക്കാർ അറിയിച്ചു.