തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ജില്ലയിലെ പാർട്ടി അംഗസംഖ്യയിൽ നാലായിരത്തോളം പേരുടെ വർദ്ധനയുണ്ടായെന്ന് സി.പി.എം. 37,000ത്തിൽ പരം അംഗങ്ങളായിരുന്നത് 41,000 പേരായി ഉയർന്നു. ഇന്ന് പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ടിൽ ഇതിന്റെ വിശദാംശങ്ങളുണ്ടാകും.

ഇന്ന് രാവിലെ പത്തിന് പാറശാല ജയമഹേഷ് ഓഡിറ്റോറിയത്തിന് സമീപം തയ്യാറാക്കിയ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. അതിന് മുമ്പായി പാറശാല ഗാന്ധി പാർക്കിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും.

ചികിത്സയ്ക്കായി നാളെ അമേരിക്കയിലേക്ക് പോകുന്നതിനാൽ അടുത്ത രണ്ട് ദിവസവും സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യമുണ്ടാകില്ല. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മുഴുവൻ സമയവും പങ്കെടുക്കും. കൊവിഡ് നിയന്ത്രണം കണക്കിലെടുത്ത് പ്രതിനിധികളുടെ എണ്ണം ഇത്തവണ 198 ആയി കുറച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 450 പ്രതിനിധികൾ പങ്കെടുത്തിരുന്നു. ജില്ലാകമ്മിറ്റിയുടെ അംഗസംഖ്യ പരമാവധി 47 പേരിൽ കൂടില്ലെന്നാണ് സൂചന. നിലവിൽ 47 അംഗങ്ങളാണ് ജില്ലാകമ്മിറ്റിയിൽ. ജില്ലാ സെക്രട്ടേറിയറ്റിൽ 11 പേരാണ്. ഇത് 12 ആയി ഉയർത്തിയേക്കും.

നാല്പത് വയസ്സിൽ താഴെയുള്ള രണ്ട് പേരെയെങ്കിലും ജില്ലാകമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന നിർദ്ദേശം പാലിക്കുമ്പോൾ തലസ്ഥാന മേയർ ആര്യ രാജേന്ദ്രന്റേതടക്കമുള്ള പേരുകൾ ഉയരുന്നുണ്ട്. ചാല ഏരിയാ കമ്മിറ്റിയിൽ ഇത്തവണയാണ് മേയറെ ഉൾപ്പെടുത്തിയത്. പി. ബിജു, കാട്ടാക്കട ശശി, ബി.എസ്. രാജീവ് എന്നിവർ അന്തരിച്ച ഒഴിവുകളുണ്ട്. പാർട്ടി പരിപാടികളിൽ നിന്ന് കുറേക്കാലമായി മാറിനിൽക്കുന്ന മുതിർന്ന നേതാവ് പിരപ്പൻകോട് മുരളിയും ജില്ലാകമ്മിറ്റിയിൽ നിന്നൊഴിവായേക്കും. . 75 വയസ്സ് പിന്നിട്ട പുല്ലുവിള സ്റ്റാൻലിക്ക് പുറമേ ഏതാനും മുതിർന്ന നേതാക്കൾ മാറുമെന്ന കണക്കുകൂട്ടലിൽ ചെറുപ്പക്കാരുടെ നീണ്ട നിര പ്രതീക്ഷയുമായി കാത്ത് നില്പുണ്ട്. മറ്റ് ജില്ലകളിൽ ജില്ലാകമ്മിറ്റിയിൽ 10 മുതൽ 15 വരെ പേരെ ഒഴിവാക്കിയാണ് പുതുമുഖങ്ങൾക്ക് അവസരമൊരുക്കിയത്. അതേ രീതി തിരുവനന്തപുരത്തും വേണമെന്ന നിർദ്ദേശം സംസ്ഥാന നേതൃത്വം നൽകിയതായാണ് വിവരം. എന്നാൽ മാറാൻ പലരും ഒരുക്കമല്ലെന്ന സംസാരവുമുണ്ട്. ജില്ലാകമ്മിറ്റിയിലുള്ളത് മൂന്ന് വനിതകളാണ്. രണ്ട് പേരെ കൂടി ഉൾപ്പെടുത്തും.

11 അംഗ ജില്ലാ സെക്രട്ടേറിയറ്റിൽ അന്തരിച്ച കാട്ടാക്കട ശശിയുടെയും തരംതാഴ്ത്തപ്പെട്ട വി.കെ. മധുവിന്റെയും ഒഴിവുകളുണ്ട്. ദളിത് പ്രാതിനിദ്ധ്യം എടുത്താൽ ബി. സത്യന് നറുക്ക് വീഴാം.

അംഗസംഖ്യ 12 ആക്കുമ്പോൾ മൂന്ന് ഒഴിവുകളാകും. വർക്കല എം.എൽ.എ വി. ജോയി, കരമന ഹരി തുടങ്ങിയ പേരുകളുയരുന്നുണ്ട്. സെക്രട്ടേറിയറ്റിൽ ഒരു വനിത നിർബന്ധമാകുമ്പോൾ ,അത് എം.ജെ. മീനാംബികയോ എസ്. പുഷ്പലതയോ ആകാം.