
വർക്കല: വെട്ടൂർ ഗ്രാമപഞ്ചായത്തിലെ പരിസര ശുചീകരണം അവതാളത്തിലായിട്ടും ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. പ്രധാന റോഡുകളും ഇടറോഡുകളും എല്ലാം മാലിന്യം കൊണ്ട് നിറഞ്ഞു. ഇവിടെ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും കെട്ടിയ നിലയിൽ നിരവധി മാലിന്യങ്ങളാണ് ഈ പാതയോരങ്ങളിൽ കിടക്കുന്നത്. പഞ്ചായത്തിലെ ഹരിതകർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കാനായി തീർത്ത എയ്റോബിന്നുകൾക്ക് മുൻപിലും പ്ലാസ്റ്റിക് കൂടുകളിൽ കെട്ടിയനിലയിൽ മാലിന്യക്കൂമ്പാരമാണ് ഉള്ളത്. മാലിന്യനിക്ഷേപം കൂടിയതോടെ തെരുവുനായ ശല്യവും ഇവിടെ വർദ്ധിച്ചിട്ടുണ്ട്. പൊതുനിരത്തിലെ മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നത് മൂലം തെരുവ് നായ്ക്കൾ അവശിഷ്ടങ്ങൾ ഭക്ഷിക്കുന്നതിനായി കൂട്ടത്തോടെ എത്തുന്നതും ഇരുചക്രവാഹന യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നു. തെരുവ് നായ്ക്കൾ റോഡിന് കുറുകെ ചാടുന്ന അവസരത്തിൽ ബൈക്ക് യാത്രികരാണ് അപകടത്തിൽപ്പെടുന്നത്തിലധികവും. ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള പുത്തൻചന്ത മാർക്കറ്റിനുള്ളിലും മാലിന്യനിക്ഷേപം പകർച്ചവ്യാധിക്ക് ഇടയാക്കുമെന്ന ആശങ്കയിലാണ് പൊതുജനം. ആരോഗ്യ വിഭാഗത്തിന്റെ പരിശോധനകളോ നിരീക്ഷണമോ ഇക്കാര്യത്തിൽ ഉണ്ടാകാത്തതാണ് മാലിന്യനിക്ഷേപം കൂടാൻ കാരണമെന്നും ആരോപണമുണ്ട്.
ഒട്ടുമിക്ക പൊതുനിരത്തുകളിലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ചിതറിക്കിടക്കുന്നത് പതിവ് കാഴ്ചയാണ്. പൗൾട്രി ഫാമുകൾ, ഇറച്ചിക്കടകൾ, പച്ചക്കറിക്കടകൾ എന്നിവിടങ്ങളിലെ അവശിഷ്ടങ്ങളും, ഹോട്ടൽ മാലിന്യങ്ങളും രാത്രികാലങ്ങളിൽ വാഹനങ്ങളിൽ കൊണ്ടുവന്ന് പൊതുനിരത്തുകളിൽ വലിച്ചെറിയുന്നത് തടയാൻ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിലെ ആരോഗ്യ വിഭാഗവും നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പൊതുവേയുള്ള പരാതി.
കുടിവെള്ളവും മലിനമാകുന്നു
ഗ്രാമപഞ്ചായത്തിലെ പൊതുനിരത്തുകളിൽ യാതൊരു മാനദണ്ഡവുമില്ലാതെ മത്സ്യക്കച്ചവടം നടത്തി വരുന്നവർ വില്പനയ്ക്ക് ശേഷം മത്സ്യങ്ങളുടെ അവശിഷ്ടങ്ങൾ പാതയോരത്ത് ഉപേക്ഷിച്ചുപോകുന്നത് ദുർഗന്ധവും വ്യാപിക്കുന്നതിന് കാരണമാകുന്നു. മത്സ്യ-മാംസ അവശിഷ്ടങ്ങൾ കാക്ക കൊത്തി കിണറുകളിലും മറ്റും ഇടുന്നത് പതിവാണ്. ഇതുമൂലം കുടിവെള്ളവും മലിനമാകുന്ന അവസ്ഥയിലാണ്.
നോക്കുകുത്തിയായി എയ്റോബിന്നുകൾ
പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കാൻ ഹരിതകർമ്മസേന പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ച ഇരുമ്പ് കൂട് ഇപ്പോൾ പലയിടത്തും നോക്കുകുത്തിയായിട്ടുണ്ട്. കൊവിഡ് -ഒമിക്രോൺ വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് ഗ്രാമ പഞ്ചായത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നാണ് ഗ്രാമവാസികളുടെ പൊതുവേയുള്ള ആവശ്യം. മാലിന്യങ്ങൾ കൂടുതലായി വലിച്ചെറിയുന്ന ഭാഗങ്ങളിൽ കാമറ സ്ഥാപിക്കണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.