തിരുവനന്തപുരം: ചാക്കയിൽ വ്യാജ ഡോക്ടർ സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡ് നീക്കം ചെയ്ത് ഇയാൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക്ക്. തമിഴ്നാട്ടിൽ പ്രാക്ടീസ് ചെയ്യുന്ന ഡോ. റോബിൻ ഗുരു സിംഗിനെതിരെ കേരളത്തിൽ നടപടിയെടുക്കാനാവില്ലെന്ന കേരള മെഡിക്കൽ കൗൺസിലിന്റെ വാദം കമ്മിഷൻ തള്ളി. കേരള സ്​റ്റേ​റ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് നിയമത്തിലെ സെക്ഷൻ 42, 43 പ്രകാരം ഒരു വ്യക്തി വ്യാജമായി തന്റെ പേരിനൊപ്പം ഡോക്ടർ എന്ന് ചേർത്ത് ചികിത്സ നടത്തുകയും പരസ്യം ചെയ്യുന്നതും കു​റ്റകരമാണെന്നും അതിൽ നിയമനടപടി സ്വീകരിക്കാൻ കൗൺസിലിന് അധികാരമുണ്ടെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. റോബിൻ ഗുരു സിംഗ് പ്രാക്ടീസ് ചെയ്യുന്നത് തമിഴ്നാട്ടിലാണെങ്കിലും പരസ്യ ബോർഡ് സ്ഥാപിച്ചിരിക്കുന്നത് കേരളത്തിലാണെന്നത് കണക്കിലെടുത്ത് നടപടിയെടുക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ കരിങ്കൽ എന്ന സ്ഥലത്താണ് പ്രാക്ടീസ് ചെയ്യുന്നതെന്നും കേരളത്തിൽ നിന്ന് നിരവധി രോഗികളെ ആകർഷിക്കുന്നുണ്ടെന്നും കഴക്കൂട്ടം സ്വദേശി ശ്രീകുമാർ സമർപ്പിച്ച പരാതിയിൽ പറയുന്നു. മെഡിക്കൽ കൗൺസിൽ രജിസ്ട്രാർ കമ്മിഷനിൽ റിപ്പോർട്ട് സമർപ്പിച്ചു. പരസ്യ ബോർഡിൽ പറയുന്ന ഗുരുപദം ക്ലിനിക്കിൽ നടത്തിയ പരിശോധനയിൽ ഗുരുസിംഗ് തമിഴ്നാട് മെഡിക്കൽ കൗൺസിലിൽ രജിസ്​റ്റർ ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഗുരുതര പരാതിയായതിനാൽ അടിയന്തര നടപടി സ്വീകരിക്കാൻ കന്യാകുമാരി ഹെൽത്ത് സർവീസ് ജോയിന്റ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.