
നെയ്യാറ്റിൻകര: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നെയ്യാറ്റിൻകര യൂണിറ്രിന്റെയും നെയ്യാറ്റിൻകര പൊലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ജാഗ്രതാ സമിതി രൂപീകരിച്ചു. നെയ്യാറ്റിൻകര സി.ഐ വി.എൻ. സാഗർ ഉദ്ഘാടനം ചെയ്തു. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ അടിക്കടിയുണ്ടാകുന്ന മോഷണങ്ങളുമായി ബന്ധപ്പെട്ടാണ് സമിതി രൂപീകരിക്കാൻ ധാരണയായത്. ദിവസേന രാത്രി 11മുതൽ രാവിലെ 4 വരെ 2 സംഘങ്ങളായി കാൽനടയായും വാഹനത്തിലും സഞ്ചരിച്ച് വ്യാപാര സ്ഥാപനങ്ങൾ നിരീക്ഷിച്ച് വിവരങ്ങൾ പൊലീസിന് കൈമാറുകയാണ് സമിതിയുടെ പ്രവർത്തനം. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയുന്ന സെക്യൂരിറ്റി ജീവനക്കാരെ വിളിച്ചുചേർത്ത് നിർദ്ദേശങ്ങൾ നൽകുമെന്നും കൊവിഡ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടിലായ വ്യാപാരികളുടെ സ്ഥാപനങ്ങളും ഉത്പന്നങ്ങളും സംരക്ഷിക്കാൻ നടപടി കൈക്കൊള്ളുമെന്നും നെയ്യാറ്റിൻകര പൊലീസ് പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് മഞ്ചത്തല സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വേണുഗോപാൽ, ആന്റണി അലൻ, ശ്രീധരൻ നായർ, എച്ച്. ഹജ്ജ് ദാവൂദ്, സതീഷ് ശങ്കർ എന്നിവർ പങ്കെടുത്തു.