
വെള്ളനാട്: ഇത് വെള്ളനാട് പഞ്ചായത്തിലെ പുല്ലുവിള വെളിയന്നൂർ റോഡ്. നൂറോളം കുടുംബങ്ങൾ പാർക്കുന്ന ഈ പ്രദേശത്ത് നിന്ന് പുറം ലോകം കാണണമെങ്കിലും തിരികെ വീടുകളിൽ എത്തണമെങ്കിലും തകർന്ന റോഡിലൂടെ ദുരിതമനുഭവിക്കാതെ സാധിക്കില്ല. ദീർഘകാലമായി വെള്ളനാട് പഞ്ചയത്തിലെ പ്രസിഡന്റുമാരാണ് വാർഡിനെ പ്രതിനിധികരിച്ചിരുന്നത്. എന്നിട്ടും നാട്ടുകാരുടെ ദുരിതം ഇനിയും ബാക്കി. വെള്ളനാട് ഗ്രാമപഞ്ചായത്തിലെ വെളിയന്നൂർ ആയൂർവേദ ആശുപത്രി പുല്ലുവിളക്കുഴി വഴി വെളിയന്നൂരിൽ എത്താവുന്ന എളുപ്പ മാർഗമാണ്. നാട്ടുകാർ വെട്ടിത്തെളിച്ച വഴി ടാർ ചെയ്യുമെന്ന ഇലക്ഷൻ വാഗ്ദാനങ്ങൾ പഞ്ചായത്ത് അവഗണിച്ചതോടെ പ്രതിഷേധവുമായി എത്തിയവരെ അനുനയിപ്പിക്കാൻ ഇരുനൂറ് മീറ്റർ റോഡ് ടാർ ചെയ്ത് പ്രഹസനം നടത്തി പണി പാതി വഴിയിൽ ഉപേക്ഷിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ രണ്ടു വർഷം മുൻപ് ചെയ്ത ടാർ ഇപ്പോൾ കാണാനില്ല. കാട്ടുപാതയിലൂടെ എങ്ങനെയും സഞ്ചരിക്കാം എന്നാൽ ഇതുവഴിയുള്ള യാത്ര അതികഠിനമെന്നാണ് പ്രദേശവാസികളും വാഹനയാത്രികരും പറയുന്നത്.
** വാഹനങ്ങളും എത്താറില്ല
അത്യാഹിതം സംഭവിച്ച് വിളിച്ചാൽപ്പോലും സ്വകാര്യ വാഹനങ്ങൾ പോലും ഇവിടേക്ക് ഓട്ടം വരാറില്ല. അഞ്ഞൂറ് രൂപ ഓട്ടം കിട്ടിയാൽ ആയിരം രൂപ വർക്ക്ഷോപ്പിൽ ചെലവാക്കേണ്ട അവസ്ഥയാണെന്ന് ഓട്ടോ, ടാക്സി ഡ്രൈവർമാർ പറയുന്നു. അഥവാ ഓട്ടോ വന്നാൽ പാത കഴിയുന്നതുവരെ ഓട്ടോയുടെ ഇരുവശവും ആളുകൾ കൂടെ നടക്കണം മറിയാതെ ഒരു താങ്ങാകാൻ എന്ന സ്ഥിതിയാണ്. അസുഖബാധിതനായ വയോധികരും, രോഗികളും ഗർഭിണികളും ഉൾപ്പടെ ആശുപത്രിയിൽ പോകാൻ കഴിയാതെ വിഷമിക്കുകയാണ്. വഴിയുടെ അവസ്ഥ കാരണം പ്രാധാന റോഡ് വരെ മാത്രമേ വാഹനങ്ങൾ വരുകയുള്ളു. മീൻ വില്പനക്കാർ പോലും ഈ വഴി വരാത്ത സാഹചര്യമാണെന്നാണ് നാട്ടുകാർ പറയുന്നത്.
** അപകടവും പതിവ്
നിരന്തരം ഇതുവഴി സഞ്ചരിക്കുന്ന ജനപ്രതിനിധികൾ യാത്രാക്കാരായ പ്രദേശവാസികളുടെ ദുരിതം കണ്ട ഭാവമില്ല. പാറക്കല്ലുകൾ നിറഞ്ഞു കുഴിയുമായി കിടക്കുന്ന പാതയിൽ മഴ കൂടെ പെയ്താൽ സഞ്ചരം ഏറെ ദുസ്സഹമാണ്. തെന്നിവീണും പാറയിൽ തലയിടിച്ചു വീണും പരിക്കേൽക്കുന്നത് നിത്യ സംഭവമായി. ഇവിടെ താമസിക്കുന്ന ഓട്ടോ ഡ്രൈവർമാരുണ്ടെങ്കിലും ഇവർ പോലും വാഹനം വഴിയിലൊതുക്കിയാണ് വീടുകളിലേക്ക് പോകുന്നത്. അത്യാഹിതങ്ങൾ സംഭവിച്ചാൽ തങ്ങളെ സഹായിക്കാൻ അയൽവാസികൾ ഓടിയെത്തിയാലും വാഹനങ്ങൾ എത്താറില്ല. പകരം സ്‌ട്രെച്ചറിൽ ചുമന്നോ എടുത്തു കൊണ്ട് പോകുകയോ ചെയ്യേണ്ട സാഹചര്യമാണുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു.