കടയ്ക്കാവൂർ: പ്രതിഷേധങ്ങൾക്കൊടുവിൽ അഞ്ചുതെങ്ങ് തോണിക്കടവ് തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. തൂക്കുപാലം അപകടസ്ഥിതിയിലായതിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ ആറിന് അഞ്ചുതെങ്ങ് - കടയ്ക്കാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള തോണിക്കടവ് തൂക്കുപാലത്തിലൂടെയുള്ള യാത്ര അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് അധികൃതർ നിരോധിച്ചിരുന്നു. എന്നാൽ ഇത് സംബന്ധമായി നിരോധന ബോർഡ് സ്ഥാപിച്ച ശേഷവും പാലത്തിലൂടെ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർ മറ്റ് മാർഗ്ഗങ്ങളില്ലാത്തതിനാൽ വീണ്ടും യാത്രയ്ക്കായ് ആശ്രയിച്ചത് പ്രദേശത്ത് ആശങ്കപടർത്തിയിരുന്നു. ഇതേ തുടർന്ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇപ്പോൾ അറ്റകുറ്റപണികൾ ആരംഭിയ്ക്കുവാനായി അധികൃതർ തയാറായിരിക്കുന്നത്. ഒരു മാസത്തിനകം അറ്റകുറ്റപ്പണികൾ തീർത്ത് തൂക്കുപാലം സഞ്ചാരയോഗ്യമാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.