നെയ്യാറ്റിൻകര: അവണാകുഴിയിലും പരിസര പ്രദേശങ്ങളിലും കുടിവെളളക്ഷാമം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരാഴ്ചയിലധികമായി വഴിമുക്ക്, അവണാകുഴി, താന്നിമൂട്, കോഴോട്, കുഞ്ചുകോണം തുടങ്ങിയ സ്ഥലങ്ങളിൽ കുടിവെളളം കിട്ടിയിട്ട്. ഈ പ്രദേശങ്ങളിലേയ്ക്ക് നെയ്യാറ്റിൻകര വാട്ടർ സപ്ലൈ സ്കീമിൽ നിന്നും കാളിപ്പാറ ജലപദ്ധതിയിൽ നിന്നും പമ്പ് ചെയ്യുന്ന ജലം ആറാലൂംമൂട് പമ്പ് ഹൗസിൽ എത്തിച്ചാണ് ഈ പ്രദേശങ്ങളിലേയ്ക്ക് വിതരണം ചെയ്യുന്നത്. ദിവസങ്ങൾക്ക് മുമ്പ് കാളിപ്പാറ പദ്ധതി ശുചീകരണവുമായി ബന്ധപ്പെട്ട് 2 ദിവസം കുടിവെളളം നി‌റുത്തിവച്ചിരുന്നു. പമ്പിംഗ് പുനരാരംഭിച്ചെങ്കിലും ഉയർന്ന പ്രദേശങ്ങളിലേയ്ക്ക് ജലമെത്താത്തതാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് പെയ്ത ശക്തമായ മഴയിൽ ദേശീയ പാതയോരത്ത് മരുത്തൂർ പാലം അപകടത്തിലാവുകയും തുടർന്ന് പൈപ്പ് ലൈനുകൾക്കും തകരാർ സംഭവിച്ചിരുന്നു. ആറാലൂംമൂട് പമ്പ് ഹൗസിലേയ്ക്ക് വെളളമെത്തിക്കുന്ന പ്രധാന പൈപ്പ് ലൈനിനും കേടുപാട് പറ്റിയിരുന്നു. കുടിവെളളം വിതരണം തടസ്സപ്പെടാതിരിക്കാൻ പരമാവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും പാലത്തിന്റെ പണി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ഇവിടം കുഴിച്ച് പ്രധാന പൈപ്പ് ലൈനിൽ അറ്രകുറ്രപ്പണി നടത്താൻ കഴിയാത്തതാണ് ഈ പ്രദേശങ്ങളിൽ സുഗമമായ ജലവിതരണത്തിന് തടസ്സം നേരിടുന്നതെന്നും നെയ്യാറ്റിൻകര വാട്ടർ അതോറിട്ടി അസി. എഞ്ചിനീയർ അറിയിച്ചു.