
തിരുവനന്തപുരം: തികഞ്ഞ ഇടതുപക്ഷ സഹയാത്രികനായ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ ഡോ. ജേക്കബ് ഈപ്പൻ (87)
സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആദ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു അദ്ദേഹം. കെ.എസ്.എഫ്.ഇ ചെയർമാൻ, ഇന്ത്യൻ സ്‌കൂൾ ഒഫ് സോഷ്യൽ സയൻസസ് ഡയറക്ടർ, കേരള സർവകലാശാല സിൻഡിക്കറ്റ് അംഗം, സോഷ്യൽ സയന്റിസ്റ്റ് എന്ന ജേർണലിന്റെ പത്രാധിപർ എന്നീ നിലകളിലും പ്രവർത്തിച്ചു.
ജർമനിയിലെ കീൽ സർവകലാശാലയിൽ നിന്നു സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി. തിരുവനന്തപുരം കേന്ദ്രമാക്കി ഇന്ത്യൻ സ്‌കൂൾ ഒഫ് സോഷ്യൽ സയൻസസ് സ്ഥാപിക്കാൻ മുൻകയ്യെടുത്തു.
1985ൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്കു മത്സരിച്ചെങ്കിലും വിജയിച്ചില്ല. സാമ്പത്തിക ശാസ്ത്രജ്ഞയും ആസൂത്രണ ബോർഡ് മുൻ അംഗവുമായ ഡോ. മൃദുൽ ഈപ്പനാണ് ഭാര്യ. മക്കൾ: ഡോ. മാലിനി (അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്), അനസൂയ (സോഫ്റ്റ്‌വെയർ എൻജിനിയർ, കലിഫോർണിയ). മരുമക്കൾ: നവീൻ ഫിലിപ് (സി.ഇ.ഒ, പോപ്പുലർ മെഗാ മോട്ടോഴ്സ്), പൃഥ്വി ഹരിഹരൻ (സോഫ്റ്റ്‌വെയർ എൻജിനിയർ, അമേരിക്ക). സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു.