
# 10,11,12 ക്ലാസുകാർക്ക് സ്‌കൂളിൽ വാക്സിൻ
# ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം
# മാളിൽ 25 ചതുരശ്ര അടിയിൽ ഒരാൾ
തിരുവനന്തപുരം: കൊവിഡ് പ്രതിദിന വ്യാപന നിരക്ക് വീണ്ടും 20ന് മുകളിലെത്തിയതിനാൽ ഒന്നു മുതൽ ഒൻപത് വരെ സ്കൂൾ ക്ളാസുകൾ ഈ മാസം 21 മുതൽ രണ്ടാഴ്ചത്തേക്ക് വീണ്ടും ഓൺലൈനാക്കാനും സർക്കാർ ഓഫീസുകളിൽ ഗർഭിണികളായ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാനും തീരുമാനം.
10,11,12 ക്ളാസുകാർക്ക് സ്കൂളിലെ പഠനം തുടരും. ഇവർക്ക് വാക്സിൻ സ്കൂളിലെത്തിച്ച് നൽകാനും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് സംസ്ഥാനതല അവലോകന യോഗം തീരുമാനിച്ചു. കോളേജ് ക്ളാസ് തുടരും.
ഒന്നു മുതൽ ഒൻപത് വരെയുള്ളവരെ വീണ്ടും സ്കൂളിലെത്തിക്കുന്നത് ഫെബ്രുവരി രണ്ടാം വാരത്തെ സ്ഥിതി നോക്കി തീരുമാനിക്കും. ഇതിന് ആരോഗ്യ,വിദ്യാഭ്യാസ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. രോഗവ്യാപനം കൂടി ക്ളസ്റ്ററായി മാറുന്ന സ്കൂളും കോളേജും രണ്ടാഴ്ചത്തേക്ക് അടച്ചിടും. ഇക്കാര്യത്തിൽ ഹെഡ്മാസ്റ്റർക്കോ പ്രിൻസിപ്പലിനോ തീരുമാനമെടുക്കാം.
സാമൂഹ്യഅകലം പാലിക്കുന്നെന്ന് ഉറപ്പാക്കാൻ ജില്ലാകളക്ടർമാരെ ചുമതലപ്പെടുത്തി. മാളുകളിൽ 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയ്ക്കായിരിക്കണം പ്രവേശനം. ഇത് കർശനമായി പാലിക്കണം.
രോഗവ്യാപനം കൂടുന്നത് എറണാകുളം,തിരുവനന്തപുരം ജില്ലകളിലാണ്. സ്കൂളുകളിലേക്ക് വിദ്യാർത്ഥികളെ വിടുന്നതിൽ രക്ഷിതാക്കൾക്ക് ആശങ്കയുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി യോഗത്തിൽ പറഞ്ഞു. ഇത് കണക്കിലെടുത്താണ് ഓൺലൈൻ ആക്കാനുള്ള തീരുമാനം. എന്നാൽ, 17 മുതൽ 20 വരെ സ്കൂൾ ക്ളാസ് തുടരുന്നതിന് വിശദീകരണമില്ല.
ഓൺലൈൻ സംവിധാനത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ തിങ്കളാഴ്ച തീരുമാനിക്കും. സ്കൂളുകളിലെ രോഗവ്യാപനത്തിന്റെ കണക്ക് കൃത്യമായി ലഭ്യമല്ല. ഇത് തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ലഭ്യമാക്കും. ഒന്നര വർഷം അടച്ചിട്ടശേഷം കഴിഞ്ഞ നവംബർ ഒന്നു മുതലാണ് സ്കൂളുകൾ വീണ്ടും തുറന്നത്.
സർക്കാർ പരിപാടി
ഓൺ ലൈനിൽ
#സർക്കാർ,അർദ്ധസർക്കാർ,പൊതുമേഖലാ,സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പരിപാടികൾ ഓൺലൈനായി
# ടി.പി.ആർ 20ൽ കൂടുതലുള്ള ജില്ലകളിൽ പൊതുപരിപാടി, വിവാഹം, മരണാനന്തര ചടങ്ങുകളിൽ 50 പേർ മാത്രം
# പ്രത്യേക സാഹചര്യത്തിൽ ചടങ്ങുകളിൽ 50ലധികം പേർ വേണമെങ്കിൽ മുൻകൂർ അനുമതി നേടണം
#ടി.പി.ആർ 30ൽ കൂടുതൽ വന്നാൽ അവിടങ്ങളിൽ പൊതുപരിപാടികൾക്ക് വിലക്ക്
# വ്യാപാര സ്ഥാപനങ്ങൾ ഓൺലൈൻ വിൽപ്പനയിലേക്ക് മാറാൻ ശ്രമിക്കണം
#ശബരിമല ദർശനത്തിന് 16 മുതൽ ഓൺലൈനിൽ ബുക്ക് ചെയ്തവരോട് റദ്ദാക്കാൻ അഭ്യർത്ഥിക്കും