chenkal-temple

പാറശാല:മഹേശ്വരം ക്ഷേത്രം സ്ഥിതിചെയ്യന്ന ചെങ്കലും പരിസരവും കേരളത്തിന്റെ ആദ്ധ്യാത്മിക തലസ്ഥാനമായി മാറുന്നതോടൊപ്പം തന്നെ ക്ഷേത്രം അന്താരാഷ്ട്ര തലത്തിൽ ആദ്ധ്യാത്മിക ടൂറിസം ഭൂപടത്തിൽ ഇടം നേടുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് വത്സൻ തില്ലങ്കേരി പറഞ്ഞു. മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ 41 ദിവസം നീണ്ടുനിൽക്കുന്ന മകര മഹോത്സവം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാത്രമല്ല ആരോഗ്യകരമായ ജീവിതത്തിനും ക്ഷേത്രം മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത് വിസ്മയിപ്പിക്കുന്ന കാര്യമാണെന്നും അതിനാൽ ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾ സമൂഹത്തെ കൂടുതൽ സ്വാധീനിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. മേൽശാന്തികുമാർ മഹേശ്വരം ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം അഡ്വ. എൻ.കെ. രത്‌നകുമാർ, താലൂക്ക് പ്രസിഡന്റ് പി.എൻ. ദിനചന്ദ്രൻ, താലൂക്ക് ജനറൽ സെക്രട്ടറി പാറശ്ശാല കണ്ണൻ, ക്ഷേത്ര ഉപദേശക സമിതി അംഗം വൈ. വിജയൻ, ഓലത്താന്നി അനിൽ എന്നിവർ പങ്കെടുത്തു. തുടർന്ന് ക്ഷേത്രത്തിൽ മകരദീപക്കാഴ്ചയും നടന്നു.