covid-

കെട്ടിടങ്ങിയെന്ന് ആശ്വസിച്ചിരിക്കെ സംസ്ഥാനത്ത് വീണ്ടും ആഞ്ഞടിക്കുന്ന കൊവിഡിനെ അതിജീവിക്കാൻ അതീവജാഗ്രത വേണം. മൂന്നാംതരംഗം ആദ്യ രണ്ട് തരംഗങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് ആദ്യദിനങ്ങളിൽ തന്നെ ആരോഗ്യമേഖല തിരിച്ചറിഞ്ഞു കഴിഞ്ഞു. കൊവി‌ഡ് വകഭേദങ്ങളായ ഡെൽറ്റയും ഒമിക്രോണും വ്യാപിക്കുന്നു എന്നതിന് തെളിവാണ് ഈമാസം ഇതുവരെയുള്ള രോഗികളിലെ കുത്തനെയുള്ള വർദ്ധന. ഈമാസം ഏഴ് മുതൽ 13 വരെയുള്ള ഒരാഴ്ചയെ അപേക്ഷിച്ച് ഇപ്പോൾ രോഗികളിൽ 150 ശതമാനം വർദ്ധനയാണുണ്ടായത്. 34,988 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു ചികിത്സയിലുള്ള രോഗികൾ, ആശുപത്രികൾ, ഫീൽഡ് ആശുപത്രികൾ, ഐ.സി.യു, ഓക്‌സിജൻ കിടക്കകൾ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുൻ ആഴ്ചയിൽ നിന്ന് യഥാക്രമം 104ശതമാനം, 16ശതമാനം, 59ശതമാനം, രണ്ട് ശതമാനം, ഒൻപത് ശതമാനം വർദ്ധിച്ചു. എന്നാൽ വെന്റിലേറ്റർ രോഗികളുടെ എണ്ണം മൂന്ന് ശതമാനം കുറഞ്ഞത് ആശ്വാസമാണ്.

വാക്‌സിൻ ജീവൻ നിലനിറുത്താൻ സഹായിക്കുമെന്ന ഉറപ്പ് നല്‌കുന്നുണ്ടെങ്കിലും ഒരു സമൂഹത്തിൽ എല്ലാവരും ഒരേസമയം രോഗികളാകുന്നത് സ്ഥിതി സങ്കീർണമാക്കും. ശാസ്ത്രീയമായ നിയന്ത്രണങ്ങൾ അനിവാര്യമാകുന്നത് ഈ ഘട്ടത്തിലാണ്. പരമാവധി ആൾക്കൂട്ടം ഒഴിവാക്കുകയെന്ന മാർഗം സ്വീകരിക്കാൻ ഇനിയും മടിച്ചാൽ അപകടം ഭീകരമായിരിക്കും. ഇനിയൊരു അടച്ചിടൽ ഇല്ലെന്ന് പറയുന്നവർക്ക് സ്ഥിതിമാറിയാൽ അത് മാറ്റിപ്പറയാൻ അധികനാൾ വേണ്ടിവരില്ലെന്നത് കഴിഞ്ഞകാല അനുഭവങ്ങൾ തെളിവാണ്. അതിനാൽ എത്രയും വേഗത്തിലുള്ള ആൾക്കൂട്ടനിയന്ത്രണമാണ് ഏറ്റവും ഉചിതമെന്ന് ആരോഗ്യവിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു. സർക്കാർ,സ്വകാര്യ മേഖകളിലെ പരമാവധി ഓഫീസുകൾ വർക്ക് ഫ്രം ഹോം അടിസ്ഥാനത്തിലേക്ക് മാറിയാൽ വലിയൊരു പരിധിവരെ പിടിച്ചുനില്‌ക്കാനാകും. സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കുറച്ചുനാൾ കൂടി ഓൺലൈൻ ക്ലാസ് തുടരട്ടെ എന്ന് തീരുമാനിക്കാൻ വൈകുകയും വേണ്ട. വർക്ക് ഫ്രം ഹോമും ഓൺലൈൻ വിദ്യാഭ്യാസവും വിജയിക്കുമെന്ന് തെളിയിച്ച നാട്ടിൽ അത് തെറ്റായ തീരുമാനമാകില്ല. പൊതുഗതാഗത സംവിധാനത്തിൽ ഇതോടെ തിരക്ക് കുറയ്ക്കാനാകും. സീറ്റിംഗ് കപ്പാസിറ്റിയിൽ അധികം പേരെ തത്കാലം യാത്രയ്ക്ക് അനുവദിക്കരുത്. സംസ്ഥാനത്തുടനീളം ആൾക്കൂട്ടം ഒഴിവാക്കാനായി സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയോഗിച്ച് പരിശോധന കർശനമാക്കണം. വൈറസിനെക്കാൾ ഫൈൻ അടിയ്ക്കുന്നതിനെ ഭയപ്പെടുന്നവരാണ് സമൂഹത്തിലേറെയും എന്നത് വസ്‌തുതയാണ്.

എത്രനാൾ ഇങ്ങനെ?

എത്ര നാൾ ഇങ്ങനെ എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികം. കൊവിഡിനെതിരായ ആന്റി വൈറൽ ലോകത്ത് കണ്ടെത്തിക്കഴിഞ്ഞു. അമേരിക്കൻ കമ്പനികളായ മെർക്കിന്റെ മോൽന്യൂപിറാവിർ, ഫൈസറിന്റെ പാക്‌സ് ലോവിഡ് എന്നീ ആന്റി വൈറലുകൾ കൊവിഡ് പെരുകുന്നത് തടഞ്ഞ് ഗുരുതരാവസ്ഥയും ആശുപത്രിവാസവും മരണസാദ്ധ്യതയും കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ട് കഴിഞ്ഞു. രണ്ട് മരുന്നുകളും ഉടൻ വിപണിയിലെത്തും. ഗുളികരൂപത്തിലായതിനാൽ ഡോക്ടറുടെ നിർദ്ദേശാനുസരണം വീട്ടിൽവച്ച് ഈ മരുന്നുകൾ ഉപയോഗിക്കാനും കഴിയും. ഇതോടെ വൈറസ് നിയന്ത്രണത്തിലാകും. അതുവരെ രോഗം വരാതിരിക്കാനും മറ്റുള്ളവർക്ക് രോഗം പകർത്താതിരിക്കാനുമുള്ള നിയന്ത്രണം കൂടിയേ തീരൂ.

വാക്‌സിൻ കൊണ്ട് ഫലമില്ലേ?

വാക‌്‌സിനെടുത്തിട്ടും രോഗം വരുന്നു, നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു, പിന്നെ എന്തിന് വാക്‌സിനെടുത്തു എന്ന് സംശയിക്കുന്നവർ ഇപ്പോൾ ആശുപത്രികളിലേക്ക് നോക്കിയാൽ മതി. വാക്‌സിൻ ഇല്ലായിരുന്നെങ്കിൽ ഐ.സിയുകളും വെന്റിലേറ്ററുകളും കാത്തിരിക്കേണ്ട ഭീകരമായ അന്തരീക്ഷം ഉണ്ടാകുമായിരുന്നു. പരിമിതമായ ആരോഗ്യപ്രവർത്തകർക്ക് പി.പി.ഇ കിറ്റിന് ഉള്ളിൽ നിന്ന് ഇറങ്ങാൻ കഴിയാതെ അതിനുള്ളിൽ ജീവൻ ഹോമിക്കേണ്ടി വരുമായിരുന്നു. നിലവിൽ അടിക്കടി രോഗികൾ പെരുകുന്നഘട്ടത്തിലും ആരോഗ്യസംവിധാനത്തെ അത് ബാധിച്ചിട്ടില്ല. കൊവിഡ് പ്രതിരോധ കുത്തിവെയ്പുകൾ തീവ്രരോഗം ഉണ്ടാകാതെ സംരക്ഷിക്കും. ഇവരിൽ ആശുപത്രി വാസത്തിന്റെ ആവശ്യകതയും മരണനിരക്കും കുറവാണെന്നും ഇതിനോടകം വ്യക്തമായി.

കൊവിഡ് ഇതരചികിത്സ മുടങ്ങരുത്

ആദ്യരണ്ട് തരംഗങ്ങളിൽ നിന്നു വ്യത്യസ്‌തമായി കൊവിഡ് രോഗ ചികിത്സയോടൊപ്പം കൊവിഡ് ഇതരചികിത്സയും മുടക്കം കൂടാതെ നടത്തിക്കൊണ്ടുപോകാൻ വേണ്ട സംവിധാനങ്ങളും ഒരുക്കണം. ജീവിതശൈലീ രോഗചികിത്സയിലും മറ്റു കൊവിഡ് ഇതര രോഗചികിത്സയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന ജാഗ്രതക്കുറവ് ആരോഗ്യ പരിപാലനരംഗത്ത് വലിയ പ്രത്യാഘാതങ്ങൾക്കിടയാക്കും. അതിന് സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും കൂടുതൽ നിയോഗിക്കണം. പിരിച്ചുവിട്ട കൊവിഡ് ബ്രിഗേഡ് പുനഃസ്ഥാപിക്കേണ്ടി വരും. ഇതോടൊപ്പം നിറുത്തലാക്കപ്പെട്ട കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും പുനഃരാരംഭിക്കണം. കൂടാതെ പി.ജി വിദ്യാർത്ഥികളുടെ പഠനവും മുടങ്ങരുത്.

കൈവിട്ടുപോകാതെ കരുതണം

കൊവിഡ് ചികിത്സാ രംഗത്തു സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പുവരുത്തണം. കൂടുതൽ ആശുപത്രി കിടക്കകൾ, ഓക്സിജൻ ലഭ്യത, ഐ.സി.യു. കിടക്കകൾ എന്നിവ ഉറപ്പാക്കണം. ക്വാറന്റൈയിൻ വ്യവസ്ഥകൾ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പാക്കണം. രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവരുടെ കുത്തിവെയ്പ് എത്രയും വേഗം എടുക്കണം.15 വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് നാലാഴ്ച ഇടവേളയിലുള്ള രണ്ടു കുത്തിവയ്പുകൾ എത്രയും വേഗത്തിൽ പൂർത്തിയാക്കണം. രോഗവ്യാപനം കൂടുതൽ ബാധിക്കാൻ സാദ്ധ്യതയുള്ള ആരോഗ്യ പ്രവർത്തകർക്കും അറുപതു കഴിഞ്ഞ അനുബന്ധ ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കും ബൂസ്റ്റർ ഡോസ് എടുക്കുന്നതും വേഗത്തിലാക്കണം. കൊവിഡ് മാനദണ്ഡങ്ങൾ എല്ലാവരും കൃത്യമായി പാലിക്കുന്നു എന്നുറപ്പു വരുത്തണം. നിലവാരമുള്ള മാസ്‌ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കുക എന്നിവ നിർബന്ധമായും പാലിക്കണം.

ഒമിക്രോണിലൂടെ വകഭേദം അവസാനിക്കുമോ?

ആർ.എൻ.എ ഗണത്തിൽപ്പെട്ട വൈറസുകൾ പകരുന്നതിന് അനുസരിച്ച് പരിവർത്തനത്തിന് വിധേയമാകും. വ്യാപനം തടയുന്നതിൽ വാക്‌സിൻ വലിയ പങ്കുവഹിക്കും എന്നാൽ, ഇപ്പോൾ ഒമിക്രോൺ കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിൽ വാക്‌സിൻ സ്വീകരിച്ചവർ വളരെ കുറവാണ്. വികസ്വര രാജ്യങ്ങളിൽ വാക്‌സിൽ വിതരണം വൈകുന്നത് പുതിയ വകഭേദങ്ങൾക്ക് കാരണമാകും.


ആരോഗ്യവകുപ്പിന്റെ ആശങ്ക

ഒരേസമയം കൂടുതൽപേർ രോഗികളാകുന്ന സ്ഥിതി ചികിത്സാ സംവിധാനങ്ങൾക്ക് വെല്ലുവിളിയാകുമോ എന്നാണ് ആരോഗ്യവകുപ്പിന്റെ ആശങ്ക. രോഗികൾ അമിതമായി പെരുകുന്ന സാഹചര്യം ഒഴിവാക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം.