photo

നെടുമങ്ങാട്: നെടുമങ്ങാട് മുനിസിപ്പാലിറ്റി മാർക്കറ്റ് നവീകരണത്തിനും ഇരിഞ്ചയത്ത് പുതിയ ഫിഷ് മാർക്കറ്റിനുമായി 28 കോടി രൂപ അനുവദിച്ചതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.സർക്കാരിന്റെ എൽ.എസ്. ജി.ഡി മാർക്കറ്റ് നവീകരണത്തിനായി നൂറുകോടി രൂപ കിഫ്ബി ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന്റെ 28 കോടി രൂപയാണ് നെടുമങ്ങാടിന് ലഭിക്കുക.നെടുമങ്ങാട് മുനിസിപ്പാലിറ്റി മാർക്കറ്റ് നവീകരണത്തിന് 19.36 കോടിയും, ഇരിഞ്ചയം ഹോൾസെയിൽ ഫിഷ് മാർക്കറ്റിനായി 8.4 കോടിയും ഉൾപ്പെടെയാണ് 28 കോടി രൂപ അനുവദിച്ചത്.പുതിയപദ്ധതിപ്രകാരം നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടെ 2 ഏക്കർ 17 സെന്റിൽ 4 നിലകളിലായി പുതിയ കെട്ടിടം നിലവിൽ വരും. താഴത്തെ നിലയിൽ 68 വാഹനങ്ങൾ പാർക്ക് ചെയ്യാനും, ഗ്രൗണ്ട് ഫ്ളോറിൽ മലഞ്ചരക്ക് വ്യാപാരത്തിനായി 72 കടകളും ഒന്നാമത്തെ നിലയിൽ പച്ചക്കറികൾക്കും പഴവർഗങ്ങൾക്കുമായി 100 കടകളും രണ്ടാമത്തെ നിലയിൽ ആധുനിക സൗകര്യങ്ങളൊടുകൂടിയ 8 ഫുഡ് കോർട്ടുകളും വിഭാവനം ചെയ്തിട്ടുണ്ട്. നെടുമങ്ങാടുള്ള ഹോൾസെയിൽ ഫിഷ് മാർക്കറ്റ് ഇരിഞ്ചയത്തേക്ക് മാറ്റപ്പെടുന്നു. ഇരിഞ്ചയത്ത് 79.45 സെന്റിൽ 3 നിലകളിലായി പുതിയ കെട്ടിടം നിലവിൽ വരും. താഴത്തെ നിലയിൽ 26 വാഹനങ്ങൾ പാർക്ക് ചെയ്യാനായി സ്ഥലവും ഒന്നാമത്തെ നിലയിൽ മത്സ്യവും ഇറച്ചിയും വ്യാപാരം ചെയ്യാവുന്ന കടകളും രണ്ടാം നിലയിൽ പച്ചക്കറിയും പഴവർഗ്ഗങ്ങൾക്കായും മാറ്റിവച്ചിട്ടുണ്ട്.