prethi-akhil

കല്ലമ്പലം:പെട്രോൾ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം നടത്തിയ പ്രതി മൂന്ന് വർഷത്തിനുശേഷം പിടിയിൽ. നാവായിക്കുളം വെട്ടിയറ മലച്ചിറ ആലുംകുന്ന് കളത്തിൻകര വീട്ടിൽ ജല്ലിക്കെട്ട് എന്ന് വിളിക്കുന്ന അഖിൽ (23) ആണ് പിടിയിലായത്. മുത്താന കൊടുവേലിക്കോണത്തുള്ള ക്ലബിൽ സംഘം ചേർന്ന് പെട്രോൾ ബോംബെറിയുകയും വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ക്ലബിൽ ഉണ്ടായിരുന്നവരെ വധിക്കാൻ ശ്രമിക്കുകയും ക്ലബിന് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ പ്രതി ഒളിവിലായിരുന്നു. കടമ്പാട്ടുകോണത്തുവച്ച് പൊലീസിനെ ആക്രമിച്ച കേസിലും ഹോട്ടലിൽ അടിപിടി ഉണ്ടാക്കിയ കേസിലും ഇയാൾ പ്രതിയാണ്. ഒളിവിൽ കഴിയുന്ന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായുള്ള ഓപ്പറേഷൻ കാവലിന്റെ ഭാഗമായ അന്വേഷണത്തിൽ വർക്കല ഡിവൈ.എസ്.പി പി.നിയാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കല്ലമ്പലം സി.ഐ ഐ.ഫറോസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ, എ.എസ്.ഐ നജീബ്, എസ്.സി.പി.ഒമാരായ ഹരിമോൻ, അജിത്ത്, സി.പി.ഒമാരായ വിനോദ്, ശ്രീജിത്ത്, ചന്തു, ജാസിം, അംഗിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.