കാട്ടാക്കട: ഏറെ കാത്തിരിപ്പിനൊടുവിൽ കാട്ടാക്കടയിൽ ഫാസ്ട്രാക്ക് കോടതി അനുവദിച്ചു. ആഴ്ചകൾക്കുള്ളിൽ കോടതിയുടെ പ്രവർത്തനം ആരംഭിക്കും. ജില്ലാ കോടതി റാങ്കിലെ ജഡ്ജിയാകും ഇവിടെ നിയമിതനാകുന്നത്. ജില്ലയിൽ നാലു കോടതികൾ അനുവദിച്ചതിൽ ഒന്നാണ് ഇപ്പോൾ കാട്ടാക്കടയ്ക്ക് ലഭ്യമായത്. ഈ മാസം 17ന് മുൻപ് ഒരു ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിക്ക് ആവശ്യമായ വ്യവഹാരക്കാർക്കും വക്കീലന്മാർക്കും സൗകര്യപ്രദമായി എത്താൻകഴിയുന്ന സ്ഥലം കണ്ടെത്തി നൽകാൻ ജില്ലാ ജഡ്ജി കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റിന് ഈ മാസം 11ന് നൽകിയ നോട്ടീസിൽ പറയുന്നു. ഉടൻതന്നെ കാട്ടാക്കട ബസ്‌സ്റ്റാൻഡിന് മുൻവശത്ത് മൊളിയൂർ ക്ഷേത്രത്തിനു സമീപത്തെ 2500 ചതുരശ്ര അടിയിലുള്ള കെട്ടിടം കണ്ടെത്തി ജില്ലാ ജഡ്ജിക്ക് റിപ്പോർട്ട് നൽകിയതായും അടുത്ത മാസം രണ്ടാം വാരത്തിനു മുൻപ് നടപടികൾ പൂർത്തീകരിച്ച് കോടതി പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നും കാട്ടാക്കട ബാർ അസോസിയേഷൻ പ്രസിഡന്റ് സുകുമാരപ്പണിക്കർ അറിയിച്ചു.

ഫാസ്റ്റ് ട്രാക്ക് കോടതി വരുന്നതോടെ കാലങ്ങളായി കെട്ടിക്കിടന്ന കേസുകളും അടിയന്തരമായി തീർപ്പാക്കേണ്ട കേസുകൾ ഉൾപ്പെടെ ഇവിടെ വ്യവഹാരം നടക്കും. സമയബന്ധിതമായി കേസുകൾ തീർപ്പാക്കുന്നത് വിവിധ കേസുകളിൽ നീതി തേടുന്നവർക്ക് ഈ കോടതി ഏറെ അനുഗ്രഹമാകും. കാട്ടാക്കട ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി, വെള്ളനാട് ന്യായാലയം, ക്യാമ്പ് സിറ്റിംഗ്(ഫാമിലി) കൂടാതെ മുൻഗണന ലിസ്റ്റിലുള്ള മുനിസിഫ് കോടതി ഒപ്പം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയും വരുന്നതോടെ അഞ്ചു നില കോടതി സമുച്ചയത്തിന് ഉണ്ടായിരുന്ന നിലവിലെ തടസം മാറുകയും ചെയ്യും. ഫാസ്റ്റ് ട്രാക്ക് കോടതിക്ക് വേണ്ടി കണ്ടെത്തിയ കെട്ടിടം അധികൃതർ സന്ദർശിച്ച് വിലയിരുത്തൽ നടത്തി.