
തിരുവനന്തപുരം: മാതാ അമൃതാനന്ദമയി മഠത്തിന്റെ കാരുണ്യത്തിൽ വർഷംതോറും നടത്തിവരുന്ന സാമ്പത്തിക വിതരണവും വസ്ത്ര വിതരണവും കിറ്റ് വിതരണവും എല്ലാവർക്കും മാതൃകയാണെന്നും ലക്ഷക്കണക്കിന് സ്വാശ്രയസംഘങ്ങൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ സഹായിക്കുമെന്നും വി. ശശി എം.എൽ.എ പറഞ്ഞു. ചിറയിൻകീഴ് അമൃതാ സ്വാശ്രയ സംഘത്തിലെ കുടുംബാംഗങ്ങൾക്ക് മാതാ അമൃതാനന്ദമയി മഠം സൗജന്യമായി എല്ലാവർഷവും നൽകിവരുന്ന ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഒന്നരമാസം കൊണ്ട് അമൃതപുരിയിലെ സന്യാസിമാരും സന്യാസിനിമാരും അമ്മയോടൊപ്പം ചേർന്നാണ് കിറ്റുകൾ ഒരുക്കിയതെന്നും എല്ലാ ജില്ലകളിലെയും സ്വാശ്രയസംഘാംഗങ്ങൾക്ക് ഇവയെത്തിക്കാൻ ശ്രമം നടത്തി വരികയാണെന്നും ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കൈമനം ആശ്രമം മഠാധിപതി ശിവാമൃത ചൈതന്യ പറഞ്ഞു.
അമ്മ ചിറയിൻകീഴിലുള്ള സ്വാശ്രയ കുടുംബാംഗങ്ങൾക്ക് ടോയ്ലെറ്റ്, ശുദ്ധജലപദ്ധതി, അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സ, നിരവധി കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യം, തിരിച്ചടവില്ലാത്ത ധനസഹായത്തിലൂടെ ഒന്നേകാൽക്കോടി രൂപയുടെ ധനസഹായം, വർഷംതോറും കുട്ടികൾക്കുള്ള വസ്ത്രവിതരണം, കല അഭ്യസിക്കാനുള്ള ഫാക്കൽറ്റിയെ അനുവദിക്കൽ തുടങ്ങിയ കാര്യങ്ങൾ ചെയ്‌തെന്നും ചിറയിൻകീഴ് ആശ്രമം പ്രസിഡന്റ് സി. വിഷ്‌ണുഭക്തൻ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിൽ ഓൾ ഇന്ത്യാ കോ - ഓർഡിനേറ്റർ രംഗനാഥ്, ബി.ജെ.പി ദക്ഷിണ മേഖലാ ഉപാദ്ധ്യക്ഷൻ തോട്ടയ്‌ക്കാട് ശശി, ഓൾ കേരള കോ - ഓർഡിനേറ്റർ സജി, പ്രസിഡന്റുമാരായ ജയകുമാർ, പ്രസീത, പ്രീത, രക്ഷാധികാരികളായ ജയ, മീര, അജി, രാജൻ, ശിവദാസൻ, ജോസ്, സന്തോഷ്, മനോഹരൻ എന്നിവർ പങ്കെടുത്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിതരണം നടന്നത്
ഫോട്ടോ: ചിറയിൻകീഴ് അമൃതാ സ്വാശ്രയ സംഘത്തിലെ കുടുംബാംഗങ്ങൾക്ക് മാതാ അമൃതാനന്ദമയി മഠം സൗജന്യമായി വർഷംതോറും നൽകിവരുന്ന ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം വി. ശശി എം.എൽ.എ നിർവഹിക്കുന്നു. കൈമനം ആശ്രമം മഠാധിപതി ശിവാമൃത ചൈതന്യ, ചിറയിൻകീഴ് ആശ്രമം പ്രസിഡന്റ് സി. വിഷ്‌ണുഭക്തൻ, തോട്ടയ്‌ക്കാട് ശശി, രാജൻ തുടങ്ങിയവർ സമീപം