മുടപുരം: വേനൽ കടുത്ത് കിണറുകൾ വറ്റിയതോടെ പൈപ്പ് വെള്ളം കിട്ടാത്തതിനാൽ അഴൂർ പഞ്ചായത്തിലെ മുട്ടപ്പലം പാനയം പ്രദേശത്തെ ജനങ്ങൾക്ക് കുടിവെള്ള ക്ഷാമം രൂക്ഷമായി. മുട്ടപ്പലം ഊളൻകുഴി റോഡിന്റെ ഇരുവശത്തും താമസിക്കുന്ന ഇരുപത്തഞ്ചിൽപരം കുടുംബങ്ങൾക്ക് പൈപ്പ് വെള്ളം ലഭിച്ചിട്ട് ഒരുമാസത്തിലേറെയായി. റോഡിനടിയിലെ കുടിവെള്ളം കടന്നുപോകുന്ന പൈപ്പ് പൊട്ടിയതിനു ശേഷമാണ് കുടിവെള്ളം നിലച്ചത്. ഈ തകരാർ പരിഹരിക്കണമെന്ന് ആറ്റിങ്ങൽ വാട്ടർ അതോറിട്ടി ഓഫിസിൽ നേരിട്ടു പോയി ആവശ്യപ്പെട്ടിട്ടും ഇതുവരെയും പൈപ്പ് ലൈൻ ശരിയാക്കിയിട്ടില്ല. നേരത്തെ മഴക്കാലത്ത് കിണറു വെള്ളം ഉണ്ടായിരുന്നതിനാൽ അന്ന് കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടില്ല. എന്നാൽ ഇപ്പോൾ വേനൽ കനത്തതോടെയാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്. അതിനാൽ പൊട്ടിയ പൈപ്പ് ശരിയാക്കി കുടിവെള്ളം എത്തിക്കാൻ വാട്ടർ അതോറിട്ടി അധികൃതർ അടിയന്തിര നടപടി സീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.