perumbadavam

തിരുവനന്തപുരം: കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ സമഗ്രസംഭാവനയ്ക്കുള്ള 2021ലെ മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് പെരുമ്പടവം ശ്രീധരന്. 25,001 രൂപയും ബി.ഡി.ദത്തൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരമെന്ന് ജൂറി ചെയർമാൻ ഡോ. ഇന്ദ്രബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള സർവകലാശാല നാടക പഠന വിഭാഗം ഡയറക്ടർ ഡോ. രാജാവാര്യർ, പാങ്ങോട് മന്നാനിയ കോളേജ് മലയാള വിഭാഗം മുൻമേധാവി പ്രൊഫ. എം.എസ്. നൗഫർ എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങൾ.

സമിതിയുടെ സ്ഥാപക പ്രസിഡന്റായ കഥാകൃത്തും മലയാളനാട് വാരികയുടെ മാനേജിംഗ് എഡിറ്ററുമായിരുന്ന എ.ആർ.ഷാജിയുടെ ഓർമ്മയ്ക്കായി സമിതി ഏർപ്പെടുത്തിയ കുഞ്ചൻ നമ്പ്യാർ കഥ അവാർഡ് സ്മിത ദാസ് (ശംഖുപുഷ്പങ്ങൾ), ടി.വി.സജിത് (ഭൂമി പിളരുംപോലെ) എന്നിവർക്കും നടനപ്രതിഭ പുരസ്കാരം നൃത്താദ്ധ്യാപികയും നടിയുമായ എസ്. ഗീതാഞ്ജലിക്കും നൽകും. കവിത അവാർഡ് - സ്റ്റെല്ലാ മാത്യു (എന്റെ മുറിവിലേക്ക് ഒരു പെൺപ്രാവ് പിറക്കുന്നു), ശ്യാം തറമേൽ (എന്റെ പൂച്ചക്കണ്ണുള്ള കാമുകിമാർ). പഠന കൃതി അവാർഡ് -ഡോ. കാർത്തിക എസ്.ബി (ബെന്യാമിന്റെ നോവൽ ലോകം), മോഹൻദാസ് സത്യനാരായണൻ (മൂവാറ്റുപുഴയുടെ നഗര പുരാവൃത്തങ്ങൾ). യുവ എഴുത്തുകാരി രശ്മി ശെൽവരാജിന് പ്രോത്സാഹന സമ്മാനം നൽകും.

ഫെബ്രുവരി ആദ്യവാരം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. സമിതി സെക്രട്ടറി പഴുവടി രാമചന്ദ്രൻ നായർ, പ്രോഗ്രാം കോ-ഓ‌‌‌‌ർഡിനേറ്റർ ജയശ്രീ ചന്ദ്രശേഖരൻ നായർ, കൺവീനർ ഉണ്ണി അമ്മയമ്പലം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.