thnal

നെയ്യാറ്റിൻകര: പെരുങ്കടവിള ഗ്രാമപഞ്ചായത്തിന്റെ വാ‌ർഷിക പദ്ധതികളിലുൾപ്പെടുത്തി നടപ്പാക്കുന്ന ടേക്ക് എ ബ്രേക്ക് വഴിയിടം പദ്ധതിയ്ക്കായി തണൽ മരങ്ങൾ മുറിക്കുന്നതിന് ഹൈകോടതി വിലക്കേർപ്പെടുത്തി. തിങ്കളാഴ്ച ലേലം നടക്കാനിരിക്കെയാണ് കളക്ടർ, തഹസീൽദാർ, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ എന്നിവർക്കെതിരെ പരിസ്ഥിതി പ്രവ‌ർത്തകനായ തണൽവേദി ഉണ്ണികൃഷ്ണൻ നൽകിയ പരാതിയിന്മേൽ മരങ്ങൾ മുറിക്കുന്നതിന് കോടതി വിലക്ക് ഏർപ്പെടുത്തിയത്. വഴിയിടം പദ്ധതിയ്ക്കായി മരങ്ങൾ മുറിക്കുന്നത് സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞ 10ന് വാർത്തയും പ്രസിദ്ധീകരിച്ചിരുന്നു. പെരുങ്കടവിള പഴയ ചെക്ക് പോസ്റ്റ് ജംഗ്ഷന് സമീപം പെരുങ്കടവിള വില്ലേജ് ഓഫീസിന്റെയും ഗവ.എൽ.പി.ബി.എസിന്റെയും പ്രവേശനകവാടത്തിനോടു ചേർന്ന് പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിടുന്ന രണ്ട് സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 15 വർഷത്തോളം പഴക്കമുളള 3 വലിയ മഹാഗണി വൃക്ഷങ്ങളും 2 ബദാം തണൽ മരങ്ങളും മുറിച്ചുമാറ്റാനാണ് അധികൃതർ തീരുമാനിച്ചിരുന്നത്. പദ്ധതിയുടെ തുടക്കത്തിലേ തന്നെ പരിസ്ഥിതി പ്രവർത്തകരടക്കമുളളവ‌ർ മരങ്ങൾ മുറിച്ച് മാറ്റുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു. പെരുങ്കടവിള വില്ലേജ് ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്കും സമീപത്തെ എൽ.പി സ്കൂളിലെ കുട്ടികൾക്കും ഏറെ ആശ്വാസമായ ഈ തണൽ മരങ്ങൾ മുറിച്ച് മാറ്റാതെ പകരം സ്ഥലം കണ്ടെത്തി നടപ്പിലാക്കാണമെന്നാണ് ആവശ്യം.