
തിരുവനന്തപുരം: ധീരജ് വധക്കേസിലെ പ്രതികൾ നിരപരാധികളെങ്കിൽ അവർക്ക് നിയമസഹായം നൽകുമെന്നും അറസ്റ്റിലായ അഞ്ചുപേർക്ക് കേസുമായി ബന്ധമില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ പറഞ്ഞു. ഒന്നാം പ്രതി നിഖിൽ പൈലി ധീരജിനെ കുത്തിയതിന് ദൃക്സാക്ഷിയില്ല. പ്രതിചേർക്കപ്പെട്ട മറ്രു അഞ്ചുപേരും അടുത്തില്ലായിരുന്നു. കുത്തിയത് ആരെന്ന് പൊലീസ് കണ്ടെത്തണം.നിരപരാധിയെങ്കിൽ നിഖിലിനെ പാർട്ടി സംരക്ഷിക്കും. കുറ്റവാളിയെന്നു കണ്ടെത്തിയാൽ അപലപിക്കും. ഇടികൊണ്ടാണ് ധീരജ് വീണതെന്ന് കരുതിയതായി സ്ഥലത്തുണ്ടായിരുന്ന എസ് .എഫ്.ഐക്കാർ ചാനലിൽ പ്രതികരിച്ചത് കേൾപ്പിച്ചാണ് സുധാകരൻ ന്യായീകരിച്ചത്.
ധീരജിന്റെ മരണത്തിൽ ദുഃഖിച്ചില്ലെന്ന് പറയുന്നത് ക്രൂരമാണ്. കൊല്ലപ്പെട്ട ധീരജിന്റേത് കോൺഗ്രസ് കുടുംബമാണ്. ധീരജിന്റെ വീട്ടിൽ പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാധിക്കില്ല. പോയാൽ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരിക ആ കുടുംബമായിരിക്കും. മരണം നടന്ന ഉടൻ എട്ട് സെന്റ് സ്ഥലം വാങ്ങി മാതാപിതാക്കളുടെ ആഗ്രഹത്തിനു വിരുദ്ധമായി ശവകുടീരം കെട്ടിപ്പൊക്കിയും തിരുവാതിര കളിച്ചും സി.പി.എം ആഘോഷിച്ചു. ധീരജിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് എടുക്കുമ്പോൾ മോർച്ചറിക്ക് പുറത്തുനിന്ന് എം.എം.മണി പൊട്ടിച്ചിരിച്ചത് നമ്മൾ കണ്ടു.മരണാസന്നനായ ഒരാളെ ആശുപത്രിയിലെത്തിക്കാത്ത പൊലീസാണ് മരണത്തിന് ഉത്തരവാദിയെന്നും സുധാകരൻ പറഞ്ഞു.
രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്തി സിൽവർലൈൻ സമരത്തിൽനിന്നു കോൺഗ്രസിനെ പിന്തിരിപ്പിക്കാമോ എന്നാണു സി.പി.എം നോക്കുന്നത്. അത്തരം ഉമ്മാക്കി കണ്ടാലൊന്നും പേടിക്കില്ല. വ്യക്തിപൂജയുടെ പേരിൽ പി.ജയരാജനെതിരെ നടപടിയെടുത്ത പാർട്ടി എന്തുകൊണ്ടു തിരുവാതിരപ്പാട്ടിലെ വ്യക്തിപൂജയുടെ പേരിൽ പിണറായി വിജയനെ വിമർശിക്കുന്നില്ല.
പിണറായി ഭരണത്തിൽ 54 കൊലപാതകമുണ്ടായി. 28 എണ്ണത്തിൽ സി.പി.എമ്മാണ് പ്രതികൾ.12ൽ ബി.ജെ.പി പ്രതികളാണ്. ഒൻപതിൽ എസ്.ഡി.പി.ഐ യും ഒന്നിൽ വീതം ലീഗും കോൺഗ്രസും സി.പി.ഐ യും പ്രതികളാണ്. ഇപ്പോൾ ധീരജ് കേസ് കോൺഗ്രസിന്റെ തലയിൽ കെട്ടിവയ്‌ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേഡർ എന്നാൽ ആയുധമെടുത്ത് പോരാടുന്നതല്ല, സമർപ്പിത ഭടനാണ് കേഡറെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്.
ധീരജ് വധം: പ്രതികൾ
17 വരെ റിമാൻഡിൽ
മുട്ടം: എസ്.എഫ്.ഐ പ്രവർത്തകനും ഇടുക്കി എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയുമായ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരെ 17വരെ റിമാൻഡ് ചെയ്തു. ജില്ലാ ജഡ്ജി അവധിയിലായതിനെ തുടർന്ന് തേർഡ് അഡീഷണൽ ജില്ലാ കോടതിയാണ് കേസ് പരിഗണിച്ചത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ മറ്റ് മൂന്ന് പ്രതികൾക്കൊപ്പം ഇവരെയും തിങ്കളാഴ്ച ഹാജരാക്കാനും കോടതി ഉത്തരവായി. പ്രതികളെ കസ്റ്റഡിയിൽ കിട്ടാനുള്ള പൊലീസിന്റെ അപേക്ഷയും അന്ന് പരിഗണിക്കും. പ്രതികൾക്കെതിരെ പട്ടികജാതി പട്ടികവർഗ അതിക്രമ വകുപ്പുകൾ കൂടി ചുമത്തി. ഇതേ തുടർന്ന് വിചാരണയും തുടർ നടപടികളും മുട്ടത്തെ ജില്ലാ കോടതിയിലായിരിക്കും നടത്തുക.
ഇന്നലെ രാവിലെ 11ന് വൻ പൊലീസ് സന്നാഹത്തോടെയാണ് പ്രതികളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരെ കോടതിയിൽ ഹാജരാക്കിയത്. 12.40ന് കോടതി നടപടികൾ പൂർത്തിയാക്കി പ്രതികളെ പീരുമേട് ജയിലിലേക്ക് മാറ്റുകയായിരുന്നു.