
മലയിൻകീഴ്: തെരുവ് നായ്ക്കൾ കൂട്ടത്തോടെ മാലിന്യം കടിച്ചെടുക്കാനെത്തുന്നത് ജനങ്ങളിൽ ഭീതി പരത്തുന്നതായി പരാതി. ജനവാസ മേഖലകളിലും റോഡിലും വാഹനങ്ങളിൽ മാലിന്യം കൊണ്ട് ഇടുന്നതാണ് തെരുവ് നായ്ക്കൾ ഇത്രമേൽ കൂട്ടത്തോടെ എത്താൻ കാരണം. മലയിൻകീഴ് ശാന്തി നഗറിൽ ഗവ. ആയുർവേദ ആശുപത്രിയ്ക്ക് സമീപത്തെ ഇടറോഡിൽ കൂറ്റൻ ചാക്കുകളിൽ മാലിന്യം കൊണ്ട് തള്ളിയതിനാൽ പരിസരമാകെ ദുർഗന്ധത്തിലാണ്. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് വാഹനത്തിൽ നിർമ്മാണം നടക്കുന്ന വീടിന് സമപത്ത് മാലിന്യം കൊണ്ട് ഇട്ടത്. മാലിന്യം തള്ളിയവിവരം മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചതനുസരിച്ച് സമീപത്തെ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് ഗ്രേഡ് എസ്.ഐ. മണിക്കുട്ടൻ അറിയിച്ചു. വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ നാലാംകല്ല് ജംഗ്ഷനിലും സമീപ പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്.റോഡരികിലെ സ്വകാര്യ പുരയിടങ്ങളിൽ സാമൂഹികവിരുദ്ധർ മാംസാവശിഷ്ടങ്ങൾ ടൺ കണക്കിന് തള്ളിയതിന് ശേഷമാണ് തെരുവുനായ്ക്കൾ കൂട്ടത്തോടെ ഇവിടെ തമ്പടിയ്ക്കാൻ തുടങ്ങിയത്. കാൽനട-വാഹന യാത്രക്കാരെയും വീടുകളിൽ വളർത്തുന്ന നായ്ക്കളെയും ഇവ ഉപദ്രവിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. മലയിൻകീഴ് പഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിട്ട് കാലങ്ങളേറെയായി. നായ്ക്കളുടെ വന്ധ്യകരണം നടത്തിയെങ്കിലും അതൊന്നും ഫലകണ്ടിട്ടില്ലെന്നതാണ് വാസ്തവം. മലയിൻകീഴ് വില്ലേജ് ഓഫീസിൽ എത്തുന്നവരും നായ്ക്കളുടെ കടിയേൽക്കാതിരുന്നാൽ ഭാഗ്യമെന്നാണ് നാട്ടുകാർ പറയുന്നത്. കോട്ടമ്പൂര് റോഡിൽ ശാന്തി നഗറിൽ ഉൾപ്പെട്ട പുതിയ ആയുർവേദ ആശുപത്രി ,മണപ്പുറം, ശ്രീനാരായണ ലൈൻ എന്നിവിടങ്ങളിലെല്ലാം നായ്ക്കൾ തമ്പടിച്ചുകഴിഞ്ഞു.