
വിഴിഞ്ഞം: മുല്ലൂർ പനവിളത്തോട്ടം ആലുംമൂട് വീട്ടിൽ ശാന്തകുമാരിയെ(71) അയൽവാസി സ്ത്രീയും മകനും ആൺ സുഹൃത്തും ചേർന്ന് വെള്ളിയാഴ്ച കൊലപ്പെടുത്തി വീട്ടിലെ തട്ടിൽ ഒളിപ്പിച്ചതിന് പിന്നിൽ സ്വർണാഭരണം തട്ടിയെടുക്കാനുള്ള ആസൂത്രണമായിരുന്നെന്ന് പൊലീസ്. ഒറ്റയ്‌ക്ക് താമസിച്ചിരുന്ന ഇവരെ വിളിച്ചുവരുത്തി കൊലപ്പെടുത്തി ഏഴരപ്പവൻ കവരുകയായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി റഫീഖാ ബീവി (50) ഇവരുടെ സുഹൃത്തും പാലക്കാട് സ്വദേശിയുമായ അൽ അമീൻ(26), റഫീക്കയുടെ മകൻ ഷഫീക്ക്(23) എന്നിവരെ കഴക്കൂട്ടത്ത് നിന്ന് വെള്ളിയാഴ്ച രാത്രി തന്നെ വിഴിഞ്ഞം പൊലീസ് പിടികൂടിയിരുന്നു. ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീടിന്റെ മേൽക്കൂര ഇന്നലെ രാവിലെ അഗ്നിരക്ഷാസേനയുടെ സഹായത്തോടെ പൊളിച്ചാണ് ശാന്തകുമാരിയുടെ മൃതദേഹം പുറത്തെടുത്തത്. തുടർന്ന് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പ്രതികൾ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവിടെ.
പൊലീസ് പറയുന്നത്: വെള്ളിയാഴ്ച്ച രാവിലെ പത്തരയോടെ ശാന്തകുമാരിയെ പ്രതികൾ വീട്ടിലേക്ക് വിളിച്ച് വരുത്തി. സംസാരിച്ചു നിൽക്കേ ഷഫീക്കും അൽ അമീനും പിന്നിലൂടെ എത്തി ഷാൾ ഉപയോഗിച്ച് ശാന്തകുമാരിയുടെ കഴുത്തിൽ മുറുക്കി. ശാന്തകുമാരി ഉടുത്തിരുന്ന സാരിയുടെ തുമ്പ് ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തിരുകി. ഈ സമയം റഫീഖാബീവി ശാന്തകുമാരിയുടെ തലയിലും നെറുകയിലും ചുറ്റികകൊണ്ട് ശക്തിയായി അടിച്ചു.
പിടഞ്ഞുവീണ ശാന്തകുമാരിയുടെ സ്വർണമാലയും രണ്ട് വളകളും കമ്മലും മോതിരവുമടക്കം ഏഴരപ്പവൻ കവർന്നു. ശാന്തകുമാരിയുടെ ശരീരമാകെ സാരി ചുറ്റി വലിച്ച് തട്ടിനു മുകളിലെത്തിച്ചു. തുടർന്ന് താക്കോൽ വാതിലിൽ തന്നെ വച്ച് ഓട്ടോറിക്ഷയിൽ വിഴിഞ്ഞത്തെത്തി. ആഭരണങ്ങളിൽ കുറച്ചു ഭാഗം 45, 000 രൂപയ്ക്ക് വിറ്റ ശേഷം രക്ഷപ്പെടുകയായിരുന്നു.
വീട്ടുടമയുടെ മകൻ വൈകിട്ട് ഇവിടെ വന്നപ്പോൾ വാതിലിൽ താക്കോൽ കണ്ട് വിളിച്ചു നോട്ടിയിട്ടും അനക്കമില്ലാത്തതിനാൽ തുറന്ന് നോക്കി. തട്ടിന് മുകളിൽ നിന്ന് രക്തം വാർന്നു വീഴുന്നതും രണ്ട് കാലുകളും ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരെയും വിഴിഞ്ഞം പൊലീസിനെയും അറിയിക്കുകയായിരുന്നു.
പ്രതികളിലൊരാളുടെ മൊബൈൽ നമ്പർ ശേഖരിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. കോഴിക്കോട്ടേക്കുള്ള ബസിൽ ഇവർ സഞ്ചരിക്കുന്നത് മനസിലാക്കി ഇവരെ പിൻതുടർന്ന് കഴക്കൂട്ടത്ത് വച്ച് പിടികൂടുകയായിരുന്നു.
റഫീഖാ ബീവിയും ആൺ സുഹൃത്തും തമ്മിൽ ഒരാഴ്ചയ്ക്കു മുൻപ് വീട്ടിൽ വച്ച് വഴക്കുണ്ടാകുകയും വാതിലുകളും ഫർണിച്ചറുകളും അടിച്ചു തകർക്കുകയും ചെയ്തിരുന്നു. തുടർന്ന് വീട് ഒഴിയാൻ ആവശ്യപ്പെട്ടെന്ന് വീട്ടുടമയുടെ മകൻ പറഞ്ഞു.
പരേതനായ നാഗപ്പപ്പണിക്കരുടെ ഭാര്യയാണ് ശാന്തകുമാരി. മക്കൾ: സനൽകുമാർ, ശിവകല. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം മുട്ടത്തറ മോക്ഷകവാടത്തിൽ സംസ്‌കരിക്കും.