വിഴിഞ്ഞം: വാടകവീട്ടിൽ കൊല്ലപ്പെട്ടത് ആരെന്നറിയും മുമ്പേ പൊലീസ് പ്രതികളെ പിടികൂടി. കൊലപാതകം പുറത്തറിഞ്ഞ് രണ്ടുമണിക്കൂറുകൾക്കകമാണ് പ്രതികളെ കഴക്കൂട്ടത്ത് ബസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തത്. വൃദ്ധയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിനുപിന്നാലെ വീട്ടിൽ താമസിച്ചിരുന്ന രണ്ട് യുവാക്കൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങിയിരുന്നു.

പ്രതികളിലൊരാളായ അൽ അമീനിന്റെ സുഹൃത്തിൽ നിന്ന് ഇവരുടെ ഫേസ്ബുക്കിലെ ഫോട്ടോ വാങ്ങി നഗരത്തിലെയും ഹൈവേയിലെയും സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി. പ്രതികളിലൊരാളുടെ മൊബൈൽ ഫോൺ തൈക്കാട് ഭാഗത്തുവച്ച് സ്വിച്ച് ഓഫായതാണ് സ്വകാര്യ ബസുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്താൻ കാരണം.

പൊലീസ് പ്രതികളെ പിടികൂടുമ്പോൾ റഫീഖാ ബീവിയുമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് കൊല്ലപ്പെട്ടത് ശാന്തകുമാരിയാണെന്ന് ഉറപ്പിച്ചത്. എസ്.ഐമാരായ അജിത് കുമാർ, വിനോദ്, സമ്പത്ത്, സി.പി.ഒമാരായ അജയ് കുമാർ, സെൽവരാജ്, രാമു, കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ശാന്തകുമാരിയെ കാണാൻ

മകനെത്തിയത് വഴിത്തിരിവായി

വിഴിഞ്ഞം: കൊല്ലപ്പെട്ട ശാന്തകുമാരിയുടെ മകൻ സനൽകുമാറിന്റെ സംശയമാണ് പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ കുടുക്കാൻ പൊലീസിനെ സഹായിച്ചത്. ഒറ്റയ്‌ക്ക് താമസിച്ചിരുന്ന അമ്മയെ കാണാൻ സനൽകുമാർ എല്ലാ ദിവസവും എത്താറുണ്ട്. കഴിഞ്ഞ ദിവസം രാവിലെ അമ്മ ആവശ്യപ്പെട്ട പ്രകാരം സ്വന്തം ഹോട്ടലിൽ നിന്ന് പൊറോട്ടയും മസാല ദോശയുമായി രാവിലെ വീട്ടിലെത്തിയെങ്കിലും അമ്മയെ കാണാനായില്ല. വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു.

മകരവിളക്ക് ദിവസമായതിനാൽ ക്ഷേത്രദർശനത്തിനു പോയിരിക്കുമെന്ന് കരുതി തിരികെ പോയി. വീട്ടിൽ വെളിച്ചമില്ലെന്നും അമ്മയെ കാണാനില്ലെന്നും രാത്രി അമ്മയുടെ വീടിന്റെ അടുത്ത് നിന്ന് ബന്ധു വിളിച്ചുപറഞ്ഞപ്പോൾ സനൽകുമാർ വെങ്ങാനൂരിലെ വീട്ടിൽ നിന്നും മുല്ലൂരിലെത്തി.

അപ്പോഴാണ് സമീപത്തായി വാടകയ്‌ക്ക് താമസിച്ചിരുന്ന റഫീഖാബീവി കൊല്ലപ്പെട്ടെന്നും ഒപ്പമുണ്ടായിരുന്ന യുവാക്കളെ കാണാനില്ലെന്നും മനസിലായത്. അമ്മയെ കാണാനില്ലെന്നും മരിച്ചത് ആരാണെന്ന് കാണണമെന്നും സനൽകുമാർ കമ്മിഷണറോട് ആവശ്യപ്പെട്ടു. എന്നാൽ സ്ഥലപരിശോധന നടത്തേണ്ടതിനാൽ പൊലീസ് അനുവദിച്ചില്ല. എന്നാൽ ആശയക്കുഴപ്പത്തിലായ പൊലീസ് നഗരത്തിലെ എല്ലാ സ്റ്റേഷനുകളിലേക്കും യുവാക്കളുടെ ഫോട്ടോ കൈമാറിയിരുന്നു. പിന്നാലെ യുവാക്കൾക്കൊപ്പം റഫീഖാബീവിയും പിടിയിലായതോടെയാണ് മരിച്ചത് ശാന്തകുമാരിയാണെന്ന് വ്യക്തമായത്.

പ്രതികൾക്ക് മറ്റൊരു ദുരൂഹ

മരണവുമായി ബന്ധമെന്ന് സംശയം

വിഴിഞ്ഞം: മുല്ലൂർ കൊലപാതകക്കേസ് പ്രതികൾക്ക് മറ്റൊരു ദുരൂഹ മരണവുമായും ബന്ധമുണ്ടെന്ന് പൊലീസിന് സംശയം.

മുട്ടയ്‌ക്കാടുള്ള 14കാരിയുടെ മരണമാണ് പൊലീസ് അന്വേഷിക്കുന്നത്. പെൺകുട്ടിയുടെ വീടിന് സമീപത്തെ വാടകവീട്ടിലാണ് മുമ്പ് റഫീഖാബീവി, ഷഫീഖ്,​ അൽഅമീൻ എന്നിവർ താമസിച്ചിരുന്നത്. കൂടുതൽ ചോദ്യം ചെയ്‌താലേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂവെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു. മൂന്നുപ്രതികളെയും ചോദ്യം ചെയ്‌തു വരികയാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.