തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ ഭരണ വേഗത രണ്ടാം സർക്കാരിനില്ലെന്ന് സി.പി.എം ജില്ലാ സമ്മേളനത്തിൽ വിമർശനം. പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിവസം നടന്ന ചർച്ചയിൽ മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രി വീണാ ജോർജിന്റെയും വ്യവസായ മന്ത്രി പി.രാജീവിന്റെയും ഓഫീസുകൾക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.
മന്ത്രിമാരുടെ ഓഫീസുകൾ നിർജീവമാണെന്ന് വി.കെ. പ്രശാന്ത് എം.എൽ.എ അടക്കമുള്ളവർ വിമർശിച്ചതായാണ് വിവരം. ഒന്നാം പിണറായി സർക്കാരിന്റെ വേഗത ഇപ്പോഴില്ല. തലസ്ഥാന കോർപറേഷനിലുണ്ടായ പട്ടികജാതി ഫണ്ട് വെട്ടിപ്പ് ഗൗരവതരമാണ്. അതിൽ പാർട്ടി അന്വേഷണം വേണം.
മെഗാ തിരുവാതിര വിവാദത്തിൽ ആദ്യദിനം ആരും മിണ്ടിയില്ലെങ്കിലും രണ്ടാം ദിവസത്തിൽ ചിലർ അത് തെറ്റായിപ്പോയെന്ന് പറഞ്ഞ് ജില്ലാ നേതൃത്വത്തെ പഴിച്ചു. ജില്ലാ നേതൃത്വത്തിനെതിരെ വേറെയും വിമർശനമുയർന്നു. ചൈന കമ്യൂണിസ്റ്റ് രാജ്യമെന്ന് ഇന്നത്തെ നിലവച്ച് എങ്ങനെ പറയുമെന്ന ചോദ്യവുമുയർന്നു. താലിബാനെ സഹായിക്കുന്ന ചൈനയുടെ ഇന്നത്തെ സാമ്പത്തികനയങ്ങൾ നോക്കുമ്പോൾ എങ്ങനെ കമ്യൂണിസ്റ്റ് രാജ്യമെന്ന് പറയാനാകും? കാലാവസ്ഥാ വ്യതിയാനത്തിലും വില്ലൻ ചൈനയാണെന്ന വിമർശനവുമുയർത്തി.
അഞ്ച് വർഷം ഭരിച്ച സർക്കാരിനോട് ഒമ്പത് മാസം മാത്രം പ്രായമായതിനെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സർക്കാരിനെതിരായ വിമർശനത്തെ പ്രതിരോധിച്ചു.
പ്രവർത്തന, സംഘടനാ റിപ്പോർട്ടുകളിന്മേലുള്ള പ്രതിനിധി ചർച്ച ഇന്നലെ വൈകിട്ടോടെ പൂർത്തിയായി. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മറുപടി നൽകി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിനിധികളെ അഭിസംബോധന ചെയ്യവേ, ചർച്ചയിലുയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകി.
ഇന്ന് രാവിലെ 11ന് പുനരാരംഭിക്കുന്ന സമ്മേളനത്തിൽ പുതിയ ജില്ലാ കമ്മിറ്റിയുടെയും ജില്ലാ സെക്രട്ടറിയുടെയും ജില്ലാ സെക്രട്ടേറിയറ്റിന്റെയും തിരഞ്ഞെടുപ്പ് നടക്കും. സംസ്ഥാന സമ്മേളനത്തിനുള്ള പ്രതിനിധികളെയും നിശ്ചയിക്കും. വൈകിട്ട് നാലിന് ഓൺലൈൻ പൊതുയോഗം കോടിയേരി ഉദ്ഘാടനം ചെയ്യും.
വനിതാസംവരണത്തിനായി വാദിക്കുമ്പോഴും നിയമസഭയിലടക്കം വനിതകളെ പാർട്ടി തഴയുകയാണെന്ന് വഞ്ചിയൂർ ഏരിയാകമ്മിറ്റിയിൽ നിന്നുള്ള പ്രതിനിധികൾ ആരോപിച്ചു. ജില്ലാ സെക്രട്ടറിയായി വനിതയെ കൊണ്ടുവരുന്നത് പോലുള്ള ചർച്ചകളെന്താണ് നടക്കാത്തതെന്നും ചോദ്യമുയർന്നു.
സ്ത്രീകൾക്കെതിരെ അപവാദപ്രചരണം നടത്തുന്നത് പാർട്ടിയിലേക്ക് കടന്നുവരുന്നവരെ പിറകോട്ടടിക്കുന്നു. സാധാരണ കുടുംബങ്ങളിൽ നിന്ന് വരുന്ന സ്ത്രീകളെയാണ് അപവാദം പറഞ്ഞ് തളർത്തുന്നത്. നേതാക്കളുടെ വീടുകളിൽ നിന്ന് പാർട്ടി പരിപാടികൾക്ക് സ്ത്രീകളെ വിടുന്നില്ല.
റിയാസിന്റേത് മാതൃകാ ഇടപെടൽ,
വീണ പാവങ്ങളെ അകറ്റുന്നു
ആരോഗ്യ, വ്യവസായ മന്ത്രിമാർക്കെതിരെ വിമർശനമുയർന്നപ്പോൾ മന്ത്രി മുഹമ്മദ് റിയാസിനെ ചില പ്രതിനിധികൾ പുകഴ്ത്തിയതും ശ്രദ്ധേയമായി. ചെറിയ കാര്യങ്ങളിൽ പോലും നേരിട്ട് ഇടപെടുന്ന മന്ത്രിയാണ് റിയാസെന്നും ഡി.വൈ.എഫ്.ഐക്ക് കിട്ടിയ അംഗീകാരമാണ് റിയാസെന്നുമായിരുന്നു അഭിനന്ദനം. ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഓഫീസിൽ പാവങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥിതിയാണ്. ദേശീയ പുരസ്കാരങ്ങളൊക്കെ വാങ്ങിക്കൂട്ടുന്നുണ്ടാവാം. പക്ഷേ സാധാരണക്കാർക്ക് ഗുണമില്ല. വ്യവസായമന്ത്രിയുടെ ഓഫീസ് പ്രമാണിമാരുടെ കേന്ദ്രമായെന്ന് കോവളം ഏരിയാ കമ്മിറ്റിയിൽ നിന്നെത്തിയ പ്രതിനിധികൾ വിമർശിച്ചു.