കിളിമാനൂർ: ശബരിമലയിൽ മകരവിളക്ക് ദർശനം കഴിഞ്ഞ് മടങ്ങിയ മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ചിരുന്ന ട്രാവലറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് അയ്യപ്പ ഭക്തർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഴോടിനും തട്ടത്തുമലയ്ക്കുമിടയിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ട്രാവലർ, തട്ടത്തുമലയിൽ ഇറക്കത്തിലുള്ള ആക്രിക്കടയിൽ നിന്നിറങ്ങിയ ലോറിയുമായി ഇടിക്കുകയായിരുന്നു. ട്രാവലറിൽ 10 അയ്യപ്പന്മാർ ഉണ്ടായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി ഒരാളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. മുൻ സീറ്റിൽ കുടുങ്ങിപ്പോയ ആളെ അഗ്നിരക്ഷാ സേനയെത്തിയാണ് പുറത്തെടുത്തത്. തുടർന്ന് 108 ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കടയ്ക്കൽ അഗ്നിരക്ഷാസേനയിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. വിനോദ് കുമാർ, ഓഫീസർമാരായ ഷിജു എം.എൻ, പ്രശാന്ത്.പി, നിതിൻ സുകുമാരൻ, അസീം.എസ്, മുഹമ്മദ് ഷെബീർ, എസ്.സുമോദ്, രാജീവ്. എ, ദീപക് എസ് എന്നിവരും കിളിമാനൂർ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.