cc

തിരുവനന്തപുരം:തലസ്ഥാന ജില്ലയിൽ ബി.ജെ.പി വളരുകയാണെന്നും അതിനെ പ്രതിരോധിക്കാനോ പാർട്ടിയെ ഉയർച്ചയിലേക്ക് നയിക്കാനോ ജില്ലാ നേതൃത്വം ഒന്നും ചെയ്യുന്നില്ലെന്നും സി.പി.എം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി ചർച്ചയിൽ രൂക്ഷവിമർശനം.പ്രതിനിധി ചർച്ചയുടെ രണ്ടാം ദിവസമായ ഇന്നലെയാണ് പ്രതിനിധികൾ ജില്ലാ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്.

ചില സഖാക്കൾക്ക് പണമുണ്ടാക്കാനും ആർഭാടത്തിനും മാത്രമാണ് മോഹം.തലസ്ഥാന കോർപ്പറേഷനിൽ പൊതുജനങ്ങളുടെ പണം കൊള്ളയടിച്ച് കൊണ്ടുപോയിട്ടും ജില്ലാ നേതൃത്വം അതിനെതിരെ ഒരു നടപടിയുമെടുക്കാതെ മൗനപിന്തുണ നൽകിയത് നാണക്കേടായെന്നും കോർപ്പറേഷനിലെ നികുതിവെട്ടിപ്പ് കേസിനെ പരാമർശിച്ച് ചിലർ കുറ്റപ്പെടുത്തി.പട്ടികജാതി- പട്ടികവർഗ ക്ഷേമ ഫണ്ട് തട്ടിപ്പ് കേസിലും ചില യുവനേതാക്കളുടെ പങ്ക് കണ്ടെത്തി.എന്നിട്ടും എന്തുകൊണ്ട് നടപടിയെടുക്കാനായില്ല? നികുതിവെട്ടിപ്പ് അടക്കമുള്ള തട്ടിപ്പ് കേസുകളിൽ പ്രതികളുടെ പാർട്ടി ബന്ധം കണ്ടെത്തിയിട്ടും നേതൃത്വം ഇടപെട്ടില്ലെന്നത് ചിന്തിക്കാൻ പോലുമാകാത്തതാണ്.പി.എസ്.സി പരീക്ഷാ തട്ടിപ്പ് വിവാദം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. എന്നിട്ടും ജില്ലാ നേതൃത്വത്തിന്റേത് കുറ്റകരമായ മൗനമായിപ്പോയെന്നും ചിലർ വിമർശിച്ചു.