covi

തിരുവനന്തപുരം- കൊവിഡ് മൂന്നാം തരംഗം നിയന്ത്രണമില്ലാതെ കുതിക്കുന്നു. രോഗബാധിതരുടെ എണ്ണം അഞ്ചു ലക്ഷം കവിയാനും സാദ്ധ്യതയെന്നാണ് ആരോഗ്യ വിദഗ്ദ്ധർ വിലയിരുത്തുന്നത്. ഈമാസം അവസാനത്തോടെ വ്യാപനം ഉച്ചസ്ഥായിയിലെത്തി ഫെബ്രുവരി അവസാനത്തോടെ ശമിക്കാനാണ് സാദ്ധ്യത.

രണ്ടാം തരംഗത്തിൽ ചികിത്സയിലുള്ളവർ നാലര ലക്ഷത്തോട് അടുത്തിരുന്നു. കഴിഞ്ഞവർഷം മേയ് 16ന് 4,40,652 പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. സമാന സാഹചര്യമാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. എന്നാൽ വാക്‌സിനേഷൻ ഏറക്കുറെ പൂർണമായതിനാൽ അന്ന് ആവശ്യമായത്ര ഐ.സി.യു, വെന്റിലേറ്ററുകൾ ഇപ്പോൾ വേണ്ടിവരില്ല. മൂന്നാം തരംഗത്തിൽ കൊവിഡ് അതിവേഗത്തിൽ ഉയർന്ന് അതുപോലെ ശമിക്കുമെന്നാണ് നിഗമനം.

എന്നാൽ ആശുപത്രികളിലും ഓഫീസുകളിലും ജോലിചെയ്യുന്നവർ കൂട്ടത്തോടെ പോസിറ്റീവാകുന്നത് പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. അതാണ് വരും ദിവസങ്ങളിൽ നേരിടാൻ പോകുന്ന വലിയ പ്രതിസന്ധി. ചികിത്സാസംവിധാനങ്ങൾ ശക്തമാക്കിയാൽ മാത്രമേ പിടിച്ചുനിൽക്കാനാകൂ. രോഗികൾക്ക് ആനുപാതികമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരിലും വർദ്ധനയുണ്ടാകുന്നു.

രോഗികളും പോസിറ്റിവിറ്റി നിരക്കും

(ഒരാഴ്ചത്തെ കണക്ക്)

9ന് 6238, 11.53%

10ന് 5797,12.68%

11ന് 9066, 14.19%

12ന് 12742, 17.5%

13ന് 13468, 20.16%

14ന് 16338, 23.69%

ഇന്നലെ 17755, 26.92%

'ആശുപത്രികളിൽ ഗുരുതരമായ സ്ഥിതി ഉണ്ടാകില്ല. എന്നാൽ സമൂഹത്തിൽ കൂടുതൽ പേർ

ഒരേസമയം രോഗികളാകുമ്പോഴുള്ള പ്രതിസന്ധിയുണ്ടാകും.'

-ഡോ.എൻ.എം.അരുൺ

ആരോഗ്യവിദഗ്ദ്ധൻ