cycle

തിരുവനന്തപുരം: സൈക്കിൾ യാത്രക്കാരുടെ സുരക്ഷയ്ക്ക് ചട്ടങ്ങൾ നിർമിക്കുകയോ പരിഷ്‌കരിക്കുയോ വേണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. നടപടി സ്വീകരിക്കാൻ ഗതാഗത വകുപ്പ് സെക്രട്ടറിക്കും ട്രാൻസ്‌പോർട്ട് കമ്മിഷണർക്കും നിർദ്ദേശവും നൽകി.

നടപടികൾക്ക് കാലതാമസം വന്നാൽ സൈക്കിൾ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വിശദമായ ഉത്തരവ് പുറപ്പെടുവിക്കണം. ഗതാഗത, ആഭ്യന്തര സെക്രട്ടറിമാർ, പൊലീസ് മേധാവി, ട്രാൻസ്‌പോർട്ട് കമ്മിഷണർ എന്നിവർ ഇതിനു നടപടി സ്വീകരിക്കണമെന്നും ബാലാവകാശ കമ്മിഷൻ അംഗം കെ.നസീർ ഉത്തരവിൽ നിർദ്ദേശിച്ചു.
സൈക്കിൾ യാത്ര, പാലിക്കേണ്ട സുരക്ഷ എന്നിവ സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് അവബോധവും പരിശീലനവും നൽകണം. ട്രാഫിക് പൊലീസിനെ സ്‌കൂളുകൾക്ക് മുന്നിലും സമീപ റോഡുകളിലും രാവിലേയും വൈകുന്നേരവും പതിവായി നിയോഗിക്കണം. മൊബൈൽ പട്രോളിംഗും ബൈക്ക് പട്രോളിംഗും സ്‌കൂൾ സോൺ റോഡുകളിൽ സ്ഥിരമായി ക്രമീകരിക്കാനും കമ്മിഷൻ നിർദേശിച്ചു.

റോഡിൽ പ്രത്യേക ട്രാക്ക്

* ദേശീയ പാതകളിലും മറ്റും സൈക്കിൾ യാത്രയ്ക്ക് ട്രാക്ക് വേണം

* രാത്രി യാത്രയ്ക്ക് സൈക്കിളിൽ റിഫ്ളക്ടർ ഘടിപ്പിക്കണം. ലൈറ്റും വേണം

* ഹെൽമെറ്റ്, റിഫ്ളക്ട് ജാക്കറ്റ് എന്നിവ ധരിക്കണം. അമിത വേഗത പാടില്ല

*സൈക്കിൾ സുരക്ഷിതമാണെന്നും തകരാറുകൾ ഇല്ലെന്നും ഉറപ്പാക്കണം