പാലോട്: പെരിങ്ങമ്മല,​ വിതുര പഞ്ചായത്തിൽ ആദിവാസി ഊരുകളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുൾപ്പെടെ അഞ്ച് പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സ്ഥലത്ത് റൂറൽ എസ്.പി ഡോ. ദിവ്യ വി. ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നെത്തും. എല്ലാ കേസുകളിലും പ്രതികൾ പിടിയിലായെങ്കിലും തുടർ നടപടികൾ ഉണ്ടാകാത്തത് രാഷ്ട്രീയ ഇടപെടലുകൾ മൂലമാണെന്ന് നാട്ടുകാർ പറയുന്നു. ഇടിഞ്ഞാറിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ ആത്മഹത്യ ചെയ്ത കേസിലും പാലോട് പൊലീസ് പ്രതികളെ പിടികൂടിയിരുന്നു. ഈ മേഖലയിലെ പെൺകുട്ടികളെ ഉൾപ്പെടെ കൗൺസിലിംഗിന് വിധേയമാക്കണമെന്ന ആവശ്യവും ശക്തമാണ്. ആദിവാസി ഊരുകളിലെ ആത്മഹത്യകളെ കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകണമെന്ന് വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകിയിട്ടുണ്ട്.