വർക്കല: ചെമ്മരുതി പാലിയേറ്റീവ് ദിനാചരണത്തിൽ മാതൃകയാവുകയാണണ് ചെമ്മരുതിയിലെ പ്രിയദർശിനി പാലിയേറ്റീവ് കെയർ അംഗങ്ങൾ. മുന്നൂറിൽപരം രോഗികളാണ് ചെമ്മരുതി പഞ്ചായത്തിൽ ഗൃഹ കേന്ദ്രീകൃത പരിചരണ വിഭാഗത്തിലുള്ളത്. പരസഹായമില്ലാതെ തിരിഞ്ഞു കിടക്കാൻ പോലും കഴിയാത്ത നാല്പത്തഞ്ചിലേറെ പേർക്ക് എന്നും താങ്ങായി അംഗങ്ങൾ നിലകൊള്ളുന്നു. 2020 ഒക്ടോബറിൽ ടിപ്പർ ലോറി തട്ടി കിടപ്പിലായ തച്ചോട് ഗുരുകൃപ വീട്ടിൽ വിമൽ കുമാറിന് അന്നു നഷ്ടപ്പെട്ട ബോധം ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല. മെഡിക്കൽ കോളജിലെ ചികിത്സയും കഴിഞ്ഞ് ഇപ്പോഴും പരസഹായം വേണ്ടിവരുന്ന വിമൽ കുമാറിനെ ആഴ്ചയിൽ രണ്ട് ദിവസം വീതം കെയർ വൊളന്റിയർമാർ പരിചരിക്കുന്നു.
കാൻസർ രോഗികൾ, ഹൃദ്രോഗികൾ, പക്ഷാഘാതം പിടിപെട്ടവർ, വൃക്ക സംബന്ധമായ അസുഖം ബാധിച്ചവർ, മാനസിക വെല്ലുവിളി നേരിടുന്നവർ ഉൾപ്പടെ നിരവധി പേരാണ് കൃത്യമായ പരിചരണം ആവശ്യമായി മേഖലയിൽ കഴിയുന്നത്. എയർ ബെഡ്, വീൽചെയർ, ക്രച്ചസ് തുടങ്ങി അനുബന്ധ സാധനങ്ങൾ ആവശ്യമായ രോഗികൾക്ക് സൗജന്യമായി നൽകുന്നു.
കേരള പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം നടന്ന കേന്ദ്രീകൃത പരിചരണത്തിന് കെയർ പ്രസിഡന്റ് കെ. ആർ. ഗോപകുമാർ നേതൃത്വം നൽകി.