road

നെയ്യാറ്റിൻകര: അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ ശാസ്താംന്തല വാർഡിലുൾപ്പെടുന്ന ശാസ്താംന്തല നെടുംകുളം തൈപലം ഇടറോഡിന്റെ പണി വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പഞ്ചായത്ത് അധികൃതരോട് പരാതി നൽകിയിട്ടും നാളിതുവരെ നടപടി സ്വീകരിച്ചിട്ടിലെന്ന് പ്രദേശവാസികൾ. അധികൃതരുടെ അനാസ്ഥയാണ് അറ്റകുറ്റപ്പണി വൈകുന്നതിനിടയാക്കുന്നതായി ആരോപിച്ച് രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തി. 3മാസങ്ങൾക്ക് മുമ്പാണ് കനത്തമഴയെത്തുടർന്നുണ്ടായ വെള്ളപാച്ചിലിൽ റോഡിന്റെ വശങ്ങളിടിഞ്ഞ് താഴ്ന്ന് 12 അടിയോളം താഴ്ചയിൽ ഗർത്തം രൂപപ്പെട്ടത്. കൊടങ്ങവിള, കമുകിൻകോട്, മണലുവിള എന്നീ പ്രധാന റോഡിലേക്ക് എളുപ്പത്തിലെത്തിച്ചേരുന്നതിനുളള ഇടറോഡാണിത്. എന്നാൽ അപകടാവസ്ഥയിലായ റോഡിന്റെ വശങ്ങളിൽ സംരഷണ വേലി കെട്ടുന്നതിനോ അടിയന്തരമായി റോഡ് പുനരുദ്ധാരണ ചെയ്യുന്നതിനോ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

** യാത്രയും ദുരിതത്തിൽ

റോഡ് അപകടാവസ്ഥയിലായതിനെ തുട‌ർന്ന് നെടുംകുളത്തിന് സമീപത്തുള്ള പട്ടികജാതി കോളനിയിലുളളവർക്കും തൈപ്പലം, പുല്ലേക്കോണം എന്നീ സ്ഥലങ്ങളിലുള്ളവരുടെ യാത്രാക്ലേശം രൂക്ഷമായിട്ടുണ്ട്. പകുതിയോളം ഇടിഞ്ഞ് താഴ്ന്ന റോഡിന്റെ ഒരു വശത്തുകൂടിയാണ് ഇപ്പോൾ ജനങ്ങൾ കാൽനടയായും ഇരുചക്രവാഹനങ്ങളിലും സഞ്ചരിക്കുന്നത്. ഇത്തരത്തിലുളള യാത്ര അപകടം നിറഞ്ഞതായിട്ടും യാത്രയ്ക്ക് മറ്റ് മാർഗ്ഗമില്ലാത്തതിനാൽ പ്രദേശവാസികൾ ഈ റോഡിനെയാണ് പൂർണമായും ആശ്രയിക്കുന്നത്. സംരക്ഷണവേലിയില്ലാത്തതിനാൽ കാൽനട യാത്രക്കാരും ഇരുചക്രവാഹന യാത്രികരുമായ നിരധി പേർ അപകടങ്ങളിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട സംഭവുമുണ്ടായിട്ടുണ്ട്.

വയലിനോട് ചേ‌ർന്ന് ഈർപ്പവും വെളളക്കെട്ട് നിറഞ്ഞ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന റോഡ് വീണ്ടും തകരാൻ സാധ്യതയുളളതിനാൽ അടിയന്തരമായി അറ്റകുറ്റപ്പണി ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഫണ്ടിന്റെ അപര്യാപ്തതയാണ് പണി വൈകുന്നതിനിടയാക്കുന്നതെന്നാണ് പഞ്ചായത്തധികൃതരുടെ വാദം.