ആറ്റിങ്ങൽ: വഴിയിൽ കുഴഞ്ഞുവീണ ആളിന് ഫയർഫോഴ്സ് ജീവനക്കാരൻ രക്ഷകനായി. കഴിഞ്ഞ ദിവസം രാവിലെ 11.30 ഓടെ അവനവഞ്ചേരി ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന കെ.എസ്.ആർ.ടി.സി റിട്ടേർഡ് മെക്കാനിക്കായ ബാലകൃഷ്ണനാണ് കുഴഞ്ഞു വീണത്. ഈ സമയം കുടുംബത്തോടൊപ്പം കാറിൽ വരികയായിരുന്ന ഫയർ ഫോഴ്സ് ‌ജീവനക്കാരൻ വിനേഷ് കുമാർ ഈ കാഴ്ചകണ്ട് കാർനിറുത്തി രക്ഷകനായി. ഹൃദയാഘാതമാണെന്ന് മനസ്സിലാക്കിയ വിനേഷ്കുമാർ ഉടൻ ബാലകൃഷ്ണന് സി.പി.ആർ നൽകുകയും സമീപത്തുണ്ടായിരുന്ന പിങ്ക് പൊലീസ് ഉദ്യോഗസ്ഥരായ ശ്രീലത,​ സിന്ധു എന്നിവരുടെ സഹായത്തോടെ വലിയകുന്ന് ആശുപത്രിയിൽ എത്തിക്കുകയുംചെയ്തു. കൃത്യ സമയത്ത് സി.പി.ആർ ലഭിച്ചതിനാലാണ് രോഗി രക്ഷപ്പെട്ടതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കടയ്ക്കൽ ഫയർ സ്റ്റേഷനിലെ ജീവനക്കാരനാണ് വിനേഷ് കുമാർ.