1

പൂവാർ: അരുമാനൂർ പനച്ചമൂട്ടുകുളം, കാട്ടുകുളം, താമരക്കുളം മേഖലകളിൽ സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. കുളങ്ങളുടെ പരിസരങ്ങളിലെ ഇടുങ്ങിയ വഴികൾ സാമൂഹ്യ വിരുദ്ധർ കൈയടക്കിയിട്ട് മാസങ്ങളായി. പകൽ നേരങ്ങളിൽ പോലും സ്ത്രീകൾക്കും കുട്ടികൾക്കും ഇതുവഴിയുള്ള യാത്ര ദുഷ്കരമാണ്. പൂവാർ ഗ്രാമപഞ്ചായത്ത് പനച്ചമൂട്ടുകുളം തമ്പുരാൻനട ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചിരുന്ന 'ലഹരി മുക്ത മേഖല ' എന്ന ബോർഡുകൾ പൂർണമായും ഇക്കൂട്ടർ നശിപ്പിച്ചു. തൊഴിലുറപ്പിന്റെ ഭാഗമായി സ്ഥാപിച്ച കോൺക്രീറ്റ് ബോർഡുകളും ഇവർ പിഴുതെറിഞ്ഞിട്ടുണ്ട്. കാട്ടുകുളത്തിന്റെ സംരക്ഷണഭിത്തി ഒരു ഭാഗം തകർത്ത നിലയിലാണ്. താമരക്കുളത്തിന്റെ സമീപ പ്രദേശങ്ങളിലെ കൃഷിയും ഇക്കൂട്ടർ നശിപ്പിച്ചിട്ടുണ്ട്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരാണ് ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കൾക്കായി പുറത്തു നിന്നും എത്തുന്ന അപരിചിതരും ഇക്കൂട്ടത്തിലുണ്ട്. ബോർഡുകൾ നശിപ്പിച്ചതിനെതിരെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പൊലീസിൽ പരാതി നൽകിയെങ്കിലും പ്രയോജനമുണ്ടായില്ലെന്നാണ് ആക്ഷേപം. പ്രദേശത്തെ സാമൂഹ്യ വിരുദ്ധ ശല്യം ഒഴിവാക്കുന്നതിന് അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.