
എട്ടുവർഷത്തിനുശേഷം ഗായികയായുള്ള മടങ്ങിവരവിൽ കാത്തിരുന്നത് താരാട്ട് പാട്ട്
ശ്വേതമേനോൻ വീണ്ടും ഗായികയാവുന്നു. ബദൽ എന്ന ചിത്രത്തിൽ ബിജിബാലിന്റെ സംഗീത സംവിധാനത്തിലാണ് ശ്വേതമേനോന്റെ പുതിയ പാട്ട്. ചിത്രത്തിൽ താരാട്ട് പാട്ടാണ് ശ്വേത ആലപിക്കുന്നത്. ശ്വേതയുടെ ആദ്യ സോളോ ഗാനം കൂടിയാണിത്. രാകേഷ് ഗോപൻ രചനയും സംവിധാനവും നിർവഹിച്ച 100 ഡിഗ്രി സെൽഷ്യസ് എന്ന ചിത്രത്തിൽ ഗോപിസുന്ദറിന്റെ സംഗീത സംവിധാനത്തിലായിരുന്നു ശ്വേത മേനോന്റെ ആദ്യഗാനം. ഇൗ ചിത്രത്തിൽ ഒപ്പം അഭിനയിച്ച ഭാമ, മേഘ്നരാജ്, അനന്യ എന്നിവർക്കൊപ്പമാണ് ഗാനം ആലപിച്ചത്.
പച്ച മഞ്ഞ ചുവപ്പ് എന്ന ഗാനം രചിച്ചത് വയലാർ ശരത് ചന്ദ്രവർമ്മയാണ്. അനീഷ് ജി. മേനോനാണ് ബദലിലെ നായകൻ. നാടകപ്രവർത്തകൻ അജയൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലിയോണ ലിഷോയിയാണ് മറ്റൊരു താരം. അതേസമയം വെള്ളിത്തിരയിൽ മൂന്ന് പതിറ്റാണ്ട് പിന്നിടുകയാണ് ശ്വേത മേനോൻ. മമ്മൂട്ടിയുടെ നായികയായി ജോമോൻ സംവിധാനം ചെയ്ത അനശ്വര എന്ന ചിത്രത്തിലൂടെയാണ് ശ്വേതമേനോൻ വെള്ളിത്തിരയിലേക്ക് എത്തുന്നത്. രണ്ടുപ്രാവശ്യം മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയ ശ്വേതമേനോൻ മലയാളം , തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിൽ സ്ഥിരം സാന്നിദ്ധ്യമാണ്. ബ്ളാക്ക് കോഫിയാണ് ശ്വേതമേനോന്റേതായി അവസാനം തിയേറ്ററുകളിൽ എത്തിയ ചിത്രം.
നവാഗതനായ അനിൽ കുമ്പഴ സംവിധാനം ചെയ്ത പള്ളിമണി ആണ് ശ്വേത അവസാനം അഭിനയിച്ച് പൂർത്തിയാക്കിയ ചിത്രം. മലയാളത്തിൽ പുതിയ ചിത്രം താരം കമ്മിറ്റ് ചെയ്തിട്ടില്ല.