നെയ്യാറ്റിൻകര: നാഗർകോവിലിൽ നിന്ന് രാവിലെ 8ന് തിരിച്ച് 9ന് നെയ്യാറ്റിൻകര വഴി കടന്നു പോയിരുന്ന കൊച്ചുവേളി പാസഞ്ചർ ട്രെയിൻ പുനഃരാരംഭിക്കണമെന്നും വെളുപ്പിന് 3ന് നെയ്യാറ്റിൻകര വഴി കടന്നു പോകുന്ന ഏറനാട് എക്സ്പ്രസ്സിന് നിലവിലുണ്ടായിരുന്ന നെയ്യാറ്റിൻകരയിലെ സ്റ്റോപ്പ് അടിയന്തിരമായി പുനസ്ഥാപിക്കണമെന്നും റയിൽവേ പാസഞ്ചേഴ്സ് അസ്സോസിയേഷൻ അധികൃതരോട് ആവശ്യപ്പെട്ടു. കൊവിഡ് നിയന്ത്രണങ്ങൾക്ക് മുമ്പ് നിലവിലുണ്ടായിരുന്ന പാസഞ്ചർ പുന:സ്ഥാപിക്കാത്തത് ട്രെയിൻ യാത്രക്കാരെ ഏറെ വലയ്ക്കുന്നുണ്ട്. രാവിലെ 7ന് നെയ്യാറ്റിൻകര വഴി കടന്നു പോകുന്ന പാസഞ്ചർ കഴിഞ്ഞാൽ സർക്കാർ ജീവനക്കാർക്കും മറ്റ് യാത്രക്കാർക്കും യാത്ര ചെയ്യാൻ ട്രെയിനില്ലാത്ത അവസ്ഥയാണ്. നെയ്യാറ്റിൻകരയിൽ സറ്റോപ്പ് ഉണ്ടായിരുന്ന ഏറനാട് എക്സ്‌പ്രസ്സിന് കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സ്റ്റോപ്പ് റദ്ദ് ചെയ്തതോടെ ദീർഘദൂര യാത്രയ്ക്ക് ഉൾപ്പടെ നെയ്യാറ്റിൻകരയിൽ നിന്ന് യാത്ര ചെയ്യുന്ന നിരവധി പേർ തിരുവനന്തപുരം സെൻട്രലിൽ എത്തി ട്രെയിൻ പിടിക്കേണ്ട അവസ്ഥയിലുമാണ്. എന്നാൽ ഇതേ വണ്ടിയ്ക്ക് രാത്രി 9.20ന് ഇവിടെ സ്റ്റോപ്പ് പുന:സ്ഥാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ച് അടിയന്തിര നടപടി ആവശ്യപ്പെട്ടാണ് റയിൽവേ പാസഞ്ചേഴ്സ് അനിമിറ്റിസ് കമ്മിറ്റി ചെയർമാൻ പി.കെ ക്യഷ്ണദാസിന് പാസഞ്ചേഴ്സ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ നിവേദനം നൽകിയത്.