
കുറ്റിച്ചൽ: രണ്ട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നെയ്യാർഡാം - വ്ലാവെട്ടി - കോട്ടൂർ -കപ്പുകാട് വിനോദ സഞ്ചാര റോഡ് തകർന്നു. കള്ളിക്കാട്-കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും തിരക്കേറിയതുമായ റോഡാണ് തകർന്നത്. ഇതിൽ കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ മുതൽ വില്ലുചാരി വ്ലാവെട്ടി വരെ പി.ഡബ്ലിയു.ഡി ഏറ്റെടുത്ത റോഡാണിത്.
വ്ലാവെട്ടി മുതൽ നെയ്യാർഡാം വരെ കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ ഭാഗമാണ്. ഇറിഗേഷൻ, ടൂറിസം, വനം വകുപ്പ് ഭൂമികളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. വർഷങ്ങൾക്ക് മുൻപ് അരുവിക്കര നിയോജക മണ്ഡലത്തിന്റെ ഭാഗമായി വരുന്ന റോഡ് ടാറിംഗ് നടത്തിയിരുന്നു. എന്നാൽ വർഷങ്ങൾ പിന്നിട്ടപ്പോൾ ഇതെല്ലാം തകർന്നു. ചെറുതായി റോഡ് തകർന്നപ്പോൾ മെയിന്റനൻസ് പോലും നടത്താൻ അധികൃതർ തയാറാകാത്തതാണ് ഇപ്പോഴത്തെ പൂർണ്ണ തകർച്ചയ്ക്ക് കാരണമായത്.
അരുവിക്കര നിയോജക മണ്ഡലത്തിന്റെ അതിർത്തിയിൽ വരുന്ന പാറശാല നിയോജക മണ്ഡലത്തിലെ റോഡിന്റെ നവീകരണം നടത്താനോ ഫണ്ടനുവദിക്കാനോ ഇതുവരെ തയാറായിട്ടില്ലെന്ന് പ്രദേശവാസികളും പറയുന്നു.
പെരുംകടവിള - വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്, അരുവിക്കര-പാറശാല മണ്ഡലങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന 4കിലോമീറ്ററോളം വരുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ ജനപ്രതിനിധികളും ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
നെയ്യാർഡാം സന്ദർശിച്ച് കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ എത്താനുള്ള റോഡാണിത്.
ഇതുവഴി ഓപ്പൺ ജയിൽ തുടങ്ങി നിരവധി പ്രധാന സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളും ഈ പ്രദേശത്താണുള്ളത്.
കോട്ടൂർമുതൽ വ്ലാവെട്ടി വരെ മെയിന്റനൻസ് നടത്തിയിട്ടുപോലും വർഷങ്ങളായി. പലപ്പോഴും ഇതുവഴി വരുന്ന വാഹനങ്ങൾ റോഡിലെ വലിയ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നതായും പ്രദേശവാസികൾ പറയുന്നു.