pic1

നാഗർകോവിൽ: കൊവിഡ് മൂന്നാം തരംഗത്തിന്റെ പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച ഞാറാഴ്ച്ച ലോക്ക്ഡൗണിൽ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലോട്ട് വന്ന മലയാളികളെ അതിർത്തിയിൽ പൊലീസ് തടഞ്ഞു. ലോക്ക്ഡൗൺ എന്ന് അറിയാതെ വന്നവരാണ് അതിർത്തിയിൽ കുടുങ്ങിയത്. തമിഴ്നാട് ട്രാൻസ്‌പോർട് ബസുകളും, സ്വകാര്യ ബസുകളും സർവീസ് നടത്തിയില്ല. കെ.എസ്.ആർ.ടി.സി ബസുകൾ ഇഞ്ചിവിളയോട് കൂടി സർവീസുകൾ അവസാനിപ്പിച്ചു. കാൽനടയാത്രക്കാർ, ബൈക്ക് യാത്രക്കാർ ഉൾപ്പടെയുള്ളവരെ അതിർത്തി പ്രദേശമായ കളിയിക്കാവിള ചെക്ക്പോസ്റ്റിൽ തമിഴ്നാട് പൊലീസ് തടഞ്ഞു. എന്നാൽ ശബരിമല തീർത്ഥാടകരെ തടഞ്ഞില്ല. കൂടാതെ ആശുപത്രിക്കായി ജില്ല വിട്ട് പോകാനും വരാനും അത്യാവശ്യ സർവീസുകൾക്കും തടസമുണ്ടായിരുന്നില്ല.

കനത്ത പരിശോധന

ലോക്ക്ഡൗണിന്റെ ഭാഗമായി കന്യാകുമാരി ജില്ലയിൽ ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നേതൃത്വത്തിൽ 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിരുന്നത്. ജില്ലയിലെ എല്ലാ പ്രധാന റോഡുകളിലും, ഇടറോഡുകളിലും പൊലീസ് താത്കാലിക ചെക്ക്പോസ്റ്റുകൾ നിർമ്മിച്ച് പരിശോധന നടത്തിയിരുന്നു. അനാവശ്യമായി പുറത്തിറങ്ങിയവർക്ക് പിഴയും ഈടാക്കി. ഓട്ടോ, ടാക്സി, ലോറികൾ ഒന്നും നിലതിറങ്ങിയില്ല. എല്ലാ കടകളും പൂർണമായും അടഞ്ഞു കിടന്നു. ആശുപത്രി, മെഡിക്കൽസ്, പത്രം, ലാബ്‌ തുടങ്ങിയവ പ്രവർത്തിക്കുന്നതിൽ തടസമുണ്ടായിരുന്നില്ല.

രേഖകൾ കരുതണം

വിവാഹ ചടങ്ങിന് പോകുന്നവർ വിവാഹ ക്ഷണക്കത്തും എയർപോർട്ട്, റെയിൽവേ സ്റ്റേഷനിൽ പോകുന്നവർ ടിക്കറ്റിന്റെ കോപ്പിയും കൈയിൽ കരുതണം. വിനോദ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയ കാരണത്താൽ കന്യാകുമാരി ത്രിവേണി സംഗമം, തൃപ്പരപ്പ് അരുവി, പത്മനാഭപുരം കൊട്ടാരം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആളൊഴിഞ്ഞ കാണപ്പെട്ടു.

ബീവറേജിൽ വൻ തിരക്ക്

തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ ആയതിനാൽ ബിവറേജുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ അതിർത്തിയിലെ കേരള സർക്കാരിന്റെ ബീവറേജ് ഔട്ട്‌ലെറ്റുകളിൽ മദ്യ പാനികളുടെ വൻ തിരക്ക് അനുഭവപ്പെട്ടു. പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒറ്റാമരം, പാറശ്ശാല ബീവറേജുകളിൽ എത്തിയാണ് മദ്യം വാങ്ങിയത്.