തിരുവനന്തപുരം: കൊവിഡ് സർവകാല റെക്കാഡുകളും ഭേദിച്ച് പടർന്നു പിടിക്കുകയും തലസ്ഥാനത്ത് ടി.പി.ആർ 30ൽ അധികമായിരിക്കുകയും ചെയ്യുമ്പോൾ നിയന്ത്രണങ്ങളെ അവഗണിച്ച് ജില്ലാ സമ്മേളനവുമായി മുന്നോട്ടുപോകുന്ന സി.പി.എമ്മിന്റേത് മരണക്കളിയാണെന്ന് എം. വിൻസെന്റ് എം.എൽ.എ ആരോപിച്ചു.
സംസ്ഥാനത്തെ തന്നെ പൊതുപരിപാടികളെല്ലാം മാറ്റി വയ്ക്കാൻ കോൺഗ്രസ് തയ്യാറാകുമ്പോഴാണ് സി.പി.എമ്മിന്റെ ഈ നിലപാട്. സ്വന്തം പാർട്ടിക്കാർ പോലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ പൊതുജനത്തെ നിയന്ത്രിക്കാൻ സർക്കാരിന് എങ്ങനെ സാധിക്കും?. നിലവിലെ സാഹചര്യത്തിൽ ഇന്ന് നടക്കാനിരിക്കുന്ന കുടുംബശ്രീ എ.ഡി.എസ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം. കൂടാതെ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഇന്ന് മുതൽ ക്ലാസുകൾ ഓൺലൈൻ വഴിയാക്കാൻ അടിയന്തര നടപടി വേണമെന്നും എം. വിൻസെന്റ് ആവശ്യപ്പെട്ടു.