തിരുവനന്തപുരം: സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ് എയർപോർട്ട് ഓഫീസർ ജി. മധുസൂദന റാവു എറണാകുളത്തേക്ക് കടന്നതായി സംശയമുണ്ടെന്ന് തുമ്പ പൊലീസ്. അന്വേഷണം ഉൗർജിതമായി നടക്കുന്നുണ്ട്. പരാതിക്കാരിയുടെ മൊഴിയെടുക്കലും വൈദ്യ പരിശോധനയും പൂർത്തിയാക്കി. മധുസൂദന റാവുവിന്റെ ഫ്ലാറ്റിലും ജോലിയിടത്തും പരിശോധ നടത്തിയെങ്കിലും ഇയാൾ നേരത്തെ തന്നെ ഒളവിൽ പോവുകയായിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശിയാണ് റാവു.
അതേസമയം, കേസ് രജിസ്റ്റർ ചെയ്‌തതിന് പിന്നാലെ മധുസൂദന റാവുവിനെ അദാനി ഗ്രൂപ്പ് സസ്‌പെന്റു ചെയ്തിരുന്നു. ജനുവരി നാലിന് മധുസൂദന റാവു, തന്നെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് സഹപ്രവർത്തകയുടെ പരാതി. സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച പരാതിയിലാണ് കഴിഞ്ഞ ദിവസം തുമ്പ പൊലീസ് കേസെടുത്തത്.
ജാേലി സംബന്ധമായ ആവശ്യത്തിന് മുൻപും മധുസൂദന റാവുവിന്റെ ഫ്‌ളാറ്റിൽ പോയിട്ടുണ്ട്. അന്നൊന്നും ഉപദ്രവമുണ്ടായിട്ടില്ലെന്നും പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിനു മുമ്പാകെ രേഖപ്പെടുത്തും. റാവുവിനെ ചോദ്യം ചെയ്യുമെന്നും വേണ്ടിവന്നാൽ അറസ്റ്റിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.