
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം 7 ജില്ലകളിൽ ഉച്ചയ്ക്കു മുമ്പും ബാക്കി 7 ജില്ലകളിൽ ഉച്ചയ്ക്കു ശേഷവുമായി നടത്തുന്ന സംവിധാനം തൽക്കാലം തുടരും. കൊവിഡ് വ്യാപനവും കണക്കിലെടുത്താണിത്. നാലു മണിക്കൂറായിരിക്കും റേഷൻ കടകളുടെ പ്രവർത്ത സമയം.
ഇന്നു മുതൽ രാവിലെ 8.30 മുതൽ 12.30 വരെയും ഉച്ചയ്ക്ക് ശേഷം 3 മണിമുതൽ 7 മണിവരെയുമായി സമയം പുന:ക്രമീകരിക്കും. ജനുവരി 26 മുതൽ ഒരാഴ്ച രാവിലെ തുറന്ന കടകൾ ഉച്ചയ്ക്കു ശേഷവും ഉച്ചയ്ക്കു ശേഷം തുറന്നവ രാവിലേയുമായി ക്രമീകരിക്കും. ഇപ്പോൾ മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട വയനാട് എന്നീ ജില്ലകളിൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയും എറണാകുളം, കോഴിക്കോട്, തിരുവനന്തപരും, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി എന്നീ ജില്ലകളിൽ ഉച്ചയ്ക്ക് ശേഷം 3 മുതൽ രാത്രി 7 മണിവരെയുമാണ് റേഷൻ കടകൾ പ്രവർത്തിക്കുന്നത്.