arrest

മലയിൻകീഴ്: വീടിന്റെ ടെറസിൽ നിന്ന് മകൻ തള്ളിയിട്ട പിതാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. അന്തിയൂർക്കോണം കാപ്പിവിള പുത്തൻവീട്ടിൽ വിനോദിനെയാണ് (56) ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മകൻ വിപിൻ ( 20 ) തള്ളിയിട്ടത്. മകനെ മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്‌തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വിനോദിന്റെ ആദ്യ ഭാര്യയിലുള്ള മകനാണ് വിപിൻ. മാതാവിന്റെ അമ്മയോടൊപ്പം തമിഴ്നാട് ഊരമ്പിലാണ് വിപിൻ താമസിക്കുന്നത്. സംഭവ ദിവസം രാത്രി 8ഓടെ വിപിൻ അന്തിയൂർക്കോണത്തെത്തി പിതാവുമായി സംസാരിക്കുന്നതിനിടെ വാക്കുതർക്കമുണ്ടായി തിരികെ പോയിരുന്നു. രാത്രി മദ്യപിച്ചെത്തിയ വിപിൻ അന്തിയൂർക്കോണത്തെ വീട്ടിലെത്തി ടെറസിന് മുകളിൽ കയറി.

ഇതറിഞ്ഞ് വിനോദ് അവിടെയെത്തി മകനുമായി വീണ്ടും വാക്കുതർക്കവും പിടിവലിയുമുണ്ടായി. ഇതിനിടെ അടിയേറ്റ് വിനോദ് അബോധാവസ്ഥയിൽ വീണു. തുടർന്ന് വിനോദിനെ ടെറസിൽ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ വിപിൻ പൊലീസിൽ നൽകിയ മൊഴി. രണ്ടാം ഭാര്യയുമായി പിണങ്ങിക്കഴിയുന്ന വിനോദ് മാത്രമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നുതെന്ന് പൊലീസ് പറഞ്ഞു.

തള്ളിയിട്ടശേഷം മുങ്ങിയ വിപിനെ പൊലീസ് പട്രോളിംഗിനിടെ തച്ചോട്ടുകാവ് ഭാഗത്ത് സംശയാസ്പദമായ രീതിയിൽ കണ്ട് ചോദ്യം ചെയ്‌തപ്പോഴാണ് സംഭവം അറിയുന്നത്. ഉടനെ പൊലീസ് വിപിനെ വീട്ടിലെത്തിച്ചപ്പോൾ രക്തം വാർന്ന നിലയിൽ വിനോദിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് വിനോദിനെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.