കാട്ടാക്കട: ന്യൂ‌ജൻ ബൈക്കുകളിൽ ചീറിപ്പായുന്ന കൗമാരക്കാ‌ർ പൊതുജനത്തിനും പൊലീസിനും ഒരുപോലെ തലവേദനയാകുന്നു. ഇത്തരത്തിൽ യാത്രചെയ്ത് അപകടത്തിൽ പെടുന്നവരുടെ എണ്ണവും നാൾക്കുനാൾ വർദ്ധിച്ചുവരുന്നു. അപകടത്തിൽപ്പെട്ട് ചികിത്സയിലുള്ളതും മരണപ്പെടുന്നതും 18നും 22നും മദ്ധ്യേ പ്രായമായ വിദ്യാർത്ഥികളാണെന്നാണ് കണക്കുകൾ പറയുന്നത്. യുവാക്കളായ ഇവർ പൊലീസ് പരിശോധനകളിൽ നിന്നും വഴുതി മാറി നിരത്തുകളിലൂടെ ചീറിപ്പാഞ്ഞ് ഉണ്ടാക്കുന്ന അപകടങ്ങളും ചില്ലറയല്ല. കാൽനടയാത്രക്കാ‌ർ ഇരുചക്രവാഹന യാത്രക്കാ‌ർ തുടങ്ങി കാറിൽ യാത്രചെയ്യുന്നവർ വരെ ഇത്തരം സഞ്ചാരികൾ കാരണം പൊറുതിമുട്ടുകയാണ്. കൊടും വളവുകളുള്ള റോഡിലൂടെ ഇവരുടെ സാഹസികയാത്ര പലപ്പോഴും അപകടത്തിപ്പെടുത്തുന്നത് മറ്റു യാത്രികരെ കൂടിയാണ്. റോഡ് നിയമങ്ങൾ പാലിച്ചു സാവധാനം വാഹനമോടിച്ച് പോകുന്ന ഇവരാകും അപകടത്തിൽപ്പെട്ട് കൈയും കാലും ഒടിഞ്ഞും, തലപൊട്ടിയും ഒക്കെ ആശുപത്രിയിൽ ആകുന്നത്.

ലൈസൻസും ഇല്ല

ബൈക്കുകളിൽ ചീറിപ്പായുന്ന മുഖമൂടികൾ ഏറെയും പത്ത് മുതൽ പന്ത്രണ്ടാം ക്ലാസിലെ വിദ്യാർത്ഥികളാണ്. ഇവരിൽ വിരലിലെണ്ണാവുന്നവർക്ക് മാത്രമേ ലൈസൻസ് ഉണ്ടാവൂ. നൂജൻ ബൈക്കുകൾ കൈയിൽ കിട്ടിയാൽപ്പിന്നെ ഇവ‌ർ നിലം തൊടാറില്ല. വളവുകളിലും പാലങ്ങളിലും തിരക്കേറിയ ജംഗ്ഷനുകളിൽപ്പോലും ഇടത് വശം കയറിയും വെട്ടിത്തിരിച്ചും ഇരു ദിശയിലേക്കും പോകുന്ന വാഹനങ്ങളുടെ ഇടയിലൂടെ സാഹസികമായിട്ടാണ് ഇവരുടെയാത്ര.

വെട്ടിൽവീണ് രക്ഷിതാക്കൾ

ലൈസൻസ് ഇല്ലാതെ വണ്ടിയോടിച്ച് അപകടത്തിൽപ്പെട്ടാൽ എതി‌ർകക്ഷിക്കാ‌ർ പിടിമുറുക്കും. ഇതോടെ ഇവർക്ക് വന്ന കേടുപാടുകൾക്കും നാശനഷ്ടത്തിനും പരിഹാരം കാണേണ്ട ജോലി രക്ഷിതാക്കളുടേതാകും. മക്കൾ ഉണ്ടാക്കുന്ന അപകടത്തിന്റെ ആഘാതത്തെക്കാൾ വലുതായിരിക്കും രക്ഷിതാക്കൾക്കുണ്ടാകുന്നത്.

ഹരം ബൈക്ക് റേസിംഗ്
കാതടപ്പിക്കുന്ന ശബ്ദത്തിൽ മിന്നൽവേഗത്തിൽ പായുന്ന ഇത്തരം കൂട്ടർ പലപ്പോഴും ബൈക്ക് റേസിംഗ് എന്നപേരിലാണ് റോഡിലിറങ്ങുന്നത്. ലക്ഷങ്ങൾ വരെ വിലവരുന്ന ബൈക്കുകളാണ് ഇവരുടെ കൈകളിലുള്ളത്. ഒപ്പം ഇത്തരം ബൈക്കിലെത്തുന്ന യുവാക്കൾ കുറ്റകൃത്യങ്ങൾ നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിദ്യാ‌ർത്ഥികൾക്ക് കഞ്ചാവും മറ്ര് ലഹരി വസ്തുക്കളും എത്തിക്കാൻ ഇടനിലക്കാർ ഏൽപ്പിക്കുന്നത് ഇവരെയാണ്. അല്പം ലഹരിയും ഇന്ധനത്തിന് കാശും കിട്ടും.