കാട്ടാക്കട: കൊവിഡ് രോഗം വ്യാപകമാകുമ്പോഴും യാതൊരു സുരക്ഷിതത്ത്വമില്ലാതെ കെ.എസ്.ആർ.ടി.സി ജീവനക്കാർ. അകലം പാലിക്കണം, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം, മാസ്ക് ശരിയായ വിധത്തിൽ ഉപയോഗിക്കണം, എന്നൊക്കെ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നുണ്ടെങ്കിലും ബസുകളിൽ ഇതൊന്നും ബാധകമല്ല.

മാസ്ക് ധരിക്കാതിരിക്കുക, കഴുത്തിലും താടിയിലും മാസ്ക് വയ്ക്കുക, കൂടെകൂടെ മാസ്ക് എടുത്ത് മാറ്റി യാത്ര ചെയ്യുക, തുടങ്ങിയ സംഭവങ്ങൾ നിത്യേന ഉണ്ടാകുന്നു. ഇത് ചൂണ്ടിക്കാട്ടിയാൽ യാത്രക്കാരും കണ്ടക്ടറും തമ്മിൽ വഴക്കാണ്. ഇത്തരം പ്രവണതകൾ ഒഴിവാക്കുന്നതിനായി ബസുകളിൽ പൊലീസിന്റെ മിന്നൽ പരിശോധന അത്യാവശ്യമാണ്. ട്രാൻസ്പോർട്ട് ജീവനക്കാർക്ക് ഒരു സുരക്ഷിതത്വവും ബന്ധപ്പെട്ടവർ നൽകുന്നില്ല.

യൂണിയൻ നേതൃത്വം ഇക്കാര്യത്തിൽ സി.എം.ഡി യുമായി സജീവ ചർച്ച നടത്തിയാലേ ജീവനക്കാരുടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയൂ. തിങ്ങിഞ്ഞെരുങ്ങി യാത്ര ചെയ്യുന്ന യാത്രക്കാരുടെ ഇടയിലൂടെയാണ് കണ്ടക്ടർ ജോലി ചെയ്യുന്നത്. പല ഡിപ്പോകളിലും കൊവിഡ് രോഗംബാധിച്ച കണ്ടക്ടറും കുടുംബാംഗങ്ങളും ക്വാറന്റീനിൽ ആണ്. ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ കെ.എസ്.ആർ.ടി.സി നടപടി സ്വീകരിക്കമെന്ന് ജീവനക്കാരുടെ വിവിധ സംഘടനാ യൂണിയൻ നേതാക്കൾ ആവശ്യപ്പെടുന്നു.